വൈകല്യങ്ങളോട് തോൽക്കാത്ത പോരാട്ടവീര്യം; ട്രാക്കിൽ തിളങ്ങി സിഇടി കോളേജിലെ അദ്ധ്യാപിക
തിരുവനന്തപുരം: ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ വെയിലിനേക്കാൾ തീക്ഷ്ണമായിരുന്നു ചിത്രയുടെ പോരാട്ടവീര്യം. വൈകല്യത്തിന്റെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് ജെ.ചിത്ര ഓരോ തവണ ഉയർന്നുചാടുമ്പോഴും വിധി പരാജയപ്പെട്ടു. ഭിന്നശേഷിക്കാർക്കായി സം ഘടിപ്പിച്ച കാർണിവൽ ഒഫ് ഡിഫറന്റ് സ്പോർട്സ് മീറ്റിൽ ലോംഗ് ജമ്പിലും 100 മീറ്റർ ഓട്ടത്തിലും ആഴിമല സ്വദേശിയായ 34കാരി ഒന്നാം സ്ഥാനമാണ് നേടിയത്. സി.ഇ.ടി കോളേജിലെ പാർട്ട്ടൈം അദ്ധ്യാപികയാണ് ചിത്ര. ടി-46 കാറ്റഗറിയിലാണ്ചിത്ര സുവർണനേട്ടങ്ങൾ സ്വന്തമാക്കിയത്.
അത്‌ലറ്റിക്‌സിൽ ഇപ്പോൾ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ചിത്ര കായിക ജീവിതം തുടങ്ങുന്നത് നീന്തൽക്കുളത്തിലാണ്. ജില്ലാ, സംസ്ഥാന, അഖിലേന്ത്യാ തലങ്ങളിൽ നിരവധി മെഡലുകൾ വാങ്ങിക്കൂട്ടി. കഴിഞ്ഞ പാര ഒളിമ്പിക്‌സിലെ മെഡൽ ജേതാവാണ്.
'സ്കൂൾ കാലഘട്ടത്തിൽ കായിക മത്സരങ്ങളിൽ ചേരാൻ കഴിഞ്ഞിരുന്നില്ലെങ്കിലും മാനന്തവാടി എൻജിനിയറിംഗ് കോളേജിലെ പഠനകാലമാണ് വഴിത്തിരിവായത്. അവിടെവച്ച് കരാട്ടെയും ജൂഡോയും പഠിച്ചു. പിന്നീട് എം.ടെക്കിന് സി.ഇ.ടിയി ലെത്തിയപ്പോഴാണ് നീന്തൽ പരിശീലനം ആരംഭിച്ചത്. കടലിൽ നീന്തണം, ആർച്ചറി പഠിക്കണം, ഒപ്പം സ്ഥിരമായൊരു ജോലിയും വേണം'- ചിത്ര പങ്കുവച്ചു.
അന്താരാഷ്ട്ര മത്സരങ്ങളി ൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ് ചിത്രയുടെ സ്വപ്നം. ജർമ്മനിയിൽ നടക്കാനിരിക്കുന്ന ലോക മത്സരത്തിൽ പങ്കെടുക്കാനുള്ള ലൈസൻസ് നടപടികൾ അന്തിമഘട്ടത്തിലാണ്. എന്നാൽ ഏകദേശം രണ്ടുലക്ഷത്തോളം രൂപ ചെലവ് വരുന്ന യാത്രയ്ക്ക് സ്പോൺസർമാരെ കണ്ടെത്താനാകാത്തത് വലിയ പ്രതിസന്ധിയാണ്. മുമ്പ് ഇറ്റലി, സ്പെയിൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം നഷ്ടമായിരുന്നു. ഇത്തവണയെങ്കിലും ആ സ്വപ്നം സഫല മാകുമെന്ന പ്രതീക്ഷയിലാണ് ചിത്ര.