ഒറ്റയ്‌ക്ക് ട്രെയിനിൽ യാത്രചെയ്യവെ സഹയാത്രികനിൽ നിന്ന് ദുരനുഭവം; വീഡിയോ പങ്കുവച്ച് 18 കാരി

Thursday 22 January 2026 2:59 PM IST

ന്യൂഡൽഹി: ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്രചെയ്യവെ സഹയാത്രികൻ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് 18 കാരി. ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് യാത്രചെയ്യവെയാണ് യുവതിക്ക് ദുരനുഭവം നേരിട്ടത്. 32 മണിക്കൂർ നീണ്ട യാത്രയിലുടനീളം സഹയാത്രികൻ തന്നെ തുറിച്ചുനോക്കുകയും മോശമായ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്‌തതായി യുവതി ആരോപിക്കുന്നു.

സഹയാത്രികന്റെ പെരുമാറ്റത്തിൽ ഭയപ്പെട്ട പെൺകുട്ടി സുരക്ഷയ്‌ക്കായി വീഡിയോ ചിത്രീകരിച്ച് വീട്ടുകാർക്ക് അയച്ചു കൊടുക്കുകയാണ് ആദ്യം ചെയ്‌തത്. എന്നാൽ പ്രതികരിച്ചാൽ അയാൾ ഉപദ്രവിക്കുമോയെന്നുള്ള ഭയത്താൽ പെരുമാറ്റം അവഗണിക്കാനാണ് തന്റെ അമ്മ നിർദേശിച്ചതെന്ന് പെൺകുട്ടി പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഉറപ്പില്ലാത്തതിനാലാണ് വീഡിയോ റെഡിറ്റിൽ പങ്കുവച്ച് ഉപദേശം തേടുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്.

'ഞാൻ (18 വയസ്സുള്ള കുട്ടി) പഠനാവശ്യത്തിനായി ഡൽഹിയിൽ നിന്ന് ഒറ്റയ്ക്ക് പൂനെയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിനിൽ കയറിയതുമുതൽ ഈ വ്യക്തി എന്നെ നിരന്തരം തുറിച്ചുനോക്കുന്നുണ്ടായിരുന്നു. 32 മണിക്കൂർ നീണ്ട യാത്രയിൽ ഞാൻ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉറങ്ങുമ്പോഴും അവൻ നിരന്തരം നോക്കി മുഖം ചുളിച്ചു. എന്നെ നോക്കി ഭയപ്പെടുത്തുന്ന ആംഗ്യങ്ങൾ കാണിച്ചു. ഒരു കോൾ ആംഗ്യവും ചെയ്തു. ഞാൻ ഭയന്നതിനാൽ ഞാൻ എന്റെ അമ്മയ്ക്കും സഹോദരിക്കും ഒരു വീഡിയോ അയച്ചു. സുരക്ഷയെക്കരുതി ഒന്നും ചെയ്യരുതെന്നും അയാളുടെ പെരുമാറ്റം അവഗണിക്കാനും എന്റെ അമ്മ എന്നോട് പറഞ്ഞു. കാരണം അവരും ഭയന്നിരുന്നു. എനിക്കറിയില്ല. അത് അവഗണിക്കാൻ ഞാൻ തയ്യാറല്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കണം?' പെൺകുട്ടി റെഡിറ്റിൽ കുറിച്ചു.

പോസ്‌റ്റ് വൈറലായതോടെ നിശബ്‌ദത പാലിക്കുന്നതിന് പകരം പ്രതികരിക്കാൻ പെൺകുട്ടിക്ക് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ നിർദേശം നൽകി. റെയിൽമദദ് ആപ്പ് ഉപയോഗിച്ചോ 139 എന്ന നമ്പറിൽ വിളിച്ചോ ഉടൻ തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനും അവർ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. അധികാരികൾ എത്തുമ്പോൾ തെളിവിനായി കൈവശമുള്ള വീഡിയോ കാണിച്ചാൽ മതിയാകുമെന്നും ചിലർ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി റെയിൽവേ നൽകുന്ന സേവനങ്ങൾ ഉപയോഗിക്കാൻ കാലതാമസം വരരുതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. മറ്റ് ചിലർ സമാനമായ അനുഭവങ്ങൾ പങ്കുവയ്‌ക്കാൻ തുടങ്ങി.