കണക്റ്റികട്ട് മലയാളി സമൂഹത്തിന്റെ നേതൃനിരയിലേക്ക് 'ടീം ജാലകം'

Thursday 22 January 2026 2:59 PM IST

വാഷിംഗ്‌ടൺ: കേരള അസോസിയേഷൻ ഓഫ് കണക്റ്റികട്ടിന്റെ (കെഎസിടി) 2026 എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പിൽ, നാൻസി ആന്റണിയുടെയും സുബ്ബു നാരായണന്റെയും നേതൃത്വത്തിലുള്ള 'ടീം ജാലകം' മിന്നും വിജയം കാഴ്ചവച്ചു.

കടുത്ത മഞ്ഞിനെ അവഗണിച്ച് പല അസൗകര്യങ്ങളും മാറ്റിവച്ച് കൈക്കുഞ്ഞുങ്ങളുമായും, അസുഖങ്ങൾ വകവയ്‌ക്കാതെയും ഓരോരുത്തരും മലയാളി കൂട്ടായ്മയിൽ വോട്ട് ചെയ്യാന്‍ എത്തിയത് ആവേശം ജനിപ്പിച്ചു. വളരെ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ വോട്ടുചെയ്യാൻ എത്തിയിരുന്നു. പാനല്‍ സബ്മിഷന്‍ തുടങ്ങി ഇലക്ഷന്‍ ദിവസം വരെ ടീം ജാലകം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും പരീക്ഷണത്തിലൂടെ കടന്നുപോയെങ്കിലും, അവരെ മുന്നോട്ടു നയിച്ചത് ശുഭാപ്തി വിശ്വാസവും കണക്റ്റികട്ട് മലയാളി കൂട്ടായ്മയിലുള്ള അചഞ്ചലമായ വിശ്വാസവുമായിരുന്നു.

'ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ഇലക്ഷൻ വിജയം. എല്ലാവര്ക്കും അകമഴിഞ്ഞ സ്‌നേഹവും കടപ്പാടും അറിയിക്കുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തമായ സുഹൃദ്ബദ്ധങ്ങൾ എടുത്തു പറയേണ്ടതാണ്. ഉമേഷ് അയ്യര്‍, ദീപ കൃഷ്ണ, സുരേഷ് ജയപ്രസാദ്, രജിത് ബാബു, ഷൈജു, ശരത് എന്നിവര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജാലക ശക്തികളാണ്. ടീമിന്റെ തുടക്കം മുതൽ കാമ്പെയ്‌ൻ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ച ആദ്യത്തെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി റോണി ജോസഫിനെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. എല്ലാവര്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. ഒപ്പം എല്ലാവര്ക്കും ഒത്തൊരുമിക്കാനും സൗഹൃദം പങ്കുവക്കാനുമുള്ള കമ്മ്യൂണിറ്റി ഹബ്ബാക്കി മാറ്റാനുള്ള ശ്രമം ടീം ജാലകം തുടങ്ങി കഴിച്ചു. കണക്റ്റികട്ട് മലയാളികളുടെ ഹൃദയത്തിൽ ടീം ജാലകം ചേക്കേറിക്കഴിഞ്ഞു. ഒരു ഉണർവായി, ഒരു പ്രതീക്ഷയായി, പുതിയ വഴികൾ തുറക്കുന്ന ഒരു തരംഗമായി' - ജാലകം പ്രസിഡന്റ് നാൻസി ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.