ചന്ദ്രനിൽ മുറിയെടുക്കാം; അഡ്വാൻസ് ബുക്കിംഗിന് ഒൻപത് കോടി, 22 കാരന്റെ മാസ്റ്റർ പ്ലാനിൽ ട്വിസ്റ്റുണ്ട്

Thursday 22 January 2026 3:08 PM IST
എഐ ചിത്രം

സാഹസം നിറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ല. ഉദാഹരണത്തിന് തുർക്ക്‌മെനിസ്ഥാനലെ നരകത്തിലേക്കുള്ള വാതിൽ (ഡോർ ടു ഹെൽ) അല്ലെങ്കിൽ ബൊളീവിയയിലെ സലാർ ഡി ഉയുനി എന്നീ സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടമൊക്കെ നിറയെ സാഹസം നിറഞ്ഞ സ്ഥലങ്ങളാണ്. കഴിഞ്ഞ ദിവസം ഒരു യുഎസ് കമ്പനി വ്യത്യസ്തമായ ആശയവുമായി എത്തിയിരുന്നു. അധികം വൈകാതെ തന്നെ സഞ്ചാരികൾക്ക് ചന്ദ്രനിൽ ഹോട്ടൽ മുറിയൊരുക്കുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം.

ഈ വിവരം അറിഞ്ഞ പലരിലും ഒരുപോലെ അത്ഭുതവും ഭയവും ഉണ്ടായി കാണും. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയായ ജിആർയു സ്‌പേസാണ് ലോകത്തിലാദ്യമായി ചന്ദ്രനിലെ ഹോട്ടൽ നിർമിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പദ്ധതി സാദ്ധ്യമായാൽ ഭൂമിക്ക് പുറത്ത് ദീർഘകാല പദ്ധതിക്ക് മനുഷ്യൻ ആദ്യമായി രൂപകല്പന ചെയ്ത ഘടനയായി ഇത് മാറും. 2032 ഓടുകൂടി ഈ പ്രഖ്യാപനം സാദ്ധ്യാമാകുമെന്നാണ് വിലയിരുത്തുന്നത്.

ചന്ദ്രനിലെ ഹോട്ടൽ ചന്ദ്രനിലെ ഹോട്ടലിലെ മുറി ബുക്ക് ചെയ്യുന്നതിനായി അപേക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. ഭൂമിയിൽ നിർമ്മിച്ച ഇൻഫ്ലറ്റബിൾ ലിവിംഗ് മൊഡ്യൂളുകളെ, ചന്ദ്ര മണ്ണിനെ ഇഷ്ടിക പോലുള്ള വസ്തുക്കളാക്കി മാറ്റുന്ന ഒരു ഓട്ടോമേറ്റഡ് പ്രക്രിയയുമായി സംയോജിപ്പിച്ചായിരിക്കും ഹോട്ടൽ പദ്ധതി നടപ്പിലാക്കുക. ബഹിരാകാശ എഞ്ചിനീയറിംഗിലെ ഏറ്റവും വലിയ തടസങ്ങളിലൊന്നായ ഭൂമിയിൽ നിന്ന് ഭാരമേറിയ വസ്തുക്കൾ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇതിലൂടെ പരിഹരിക്കാം. തുടക്കത്തിൽ വാണിജ്യ ബഹിരാകാശ പറക്കൽ പരിചയമുള്ള യാത്രക്കാർക്ക് മാത്രമേ ഹോട്ടൽ സന്ദർശിക്കാൻ അനുവാദമുള്ളൂ. തുടർന്ന്, പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുറികൾ ബുക്ക് ചെയ്യാൻ അനുവാദമുണ്ടാകും.

സ്കൈലർ ചാൻ

ഗാലക്‌റ്റിക് റിസോഴ്‌സ് യൂട്ടിലൈസേഷൻ ( ജിആർ‌യു) സ്‌പേസ് എന്ന സ്ഥാപനം 2025ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും കമ്പ്യൂട്ടർ സയൻസിലും ബിരുദധാരിയായ 22കാരനായ സ്‌കൈലർ ചാൻ സ്ഥാപിച്ചതാണ്. വൈ കോമ്പിനേറ്റർ എന്ന സ്റ്റാർട്ട് അപ്പ് ആക്സിലറേറ്ററിന്റെ ഭാഗമായിരുന്നു മൂൺ ഹോട്ടൽ. കുട്ടിക്കാലം മുതൽ എനിക്ക് ബഹിരാകാശ യാത്രയോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നുവെന്ന് ചാൻ പറഞ്ഞു.

ഒരു ബഹിരാകാശ സഞ്ചാരിയാകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്റെ ജീവിതത്തിലെ ജോലി ചെയ്യാൻ കഴിയുന്നത് വളരെ ഭാഗ്യമായി തോന്നുന്നുവെന്നും ചാൻ സ്‌പേസ് ഡോട്ട് കോമിനോട് പറഞ്ഞു. സ്പേസ്എക്സിനും സ്വയംഭരണ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്ന കമ്പനിയായ ആൻഡുറിലിനും പിന്നിലുള്ള നിക്ഷേപകരിൽ നിന്നാണ് താൻ ഈ പദ്ധതിക്കായി പണം സമാഹരിച്ചതെന്നും ചാൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.ചന്ദ്രനിൽ നിലനിൽക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ബഹിരാകാശ ടൂറിസം ഉപയോഗിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്.

ചെലവ് ഈ വേറിട്ട അനുഭവത്തിൽ പ്രധാന വെല്ലുവിളി ചെലവ് തന്നെയായിരിക്കുമെന്നാണ് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. കമ്പനി പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, ചന്ദ്രനിൽ ഹോട്ടൽ മുറി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ ഒരു മില്യൺ ഡോളർ (9.162 കോടി) അടയ്ക്കുകയും 1000 ഡോളർ (91,620 രൂപ) അപേക്ഷാഫീസായി നൽകണം. ഈ പണം കമ്പനി തിരികെ നൽകില്ല. കൃത്യമായ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ഏകദേശം പത്ത് മില്യൺ ഡോളർ (91.62 കോടി) ചെലവ് വരുമെന്നാണ്. ഇതിനായി അപേക്ഷിക്കുന്നവർ ആരോഗ്യപരമായി ചന്ദ്രയാത്രയ്ക്ക് യോഗ്യരാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ കൂടി അപേക്ഷാ സമയത്ത് സമർപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

എഐ ചിത്രം

പദ്ധതി

നാസയുമായി സഹകരിച്ചാണ് ജിആർയു സ്‌പേസ് 2029ൽ ചന്ദ്ര നിർമ്മാണ പരീക്ഷണങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നത്, പാരിസ്ഥിതിക സാഹചര്യങ്ങൾ പഠിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ വായു നിറച്ച ഘടനയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. പരീക്ഷണങ്ങൾ വിജയിച്ചാൽ ചന്ദ്രന്റെ ഉപരിതലത്തേക്കാൾ അല്പം ചൂടുള്ളതും സ്ഥിരതയുള്ളതുമായ അവസ്ഥകൾ പ്രദാനം ചെയ്യുന്ന ഒരു സ്വാഭാവിക താഴ്ചയായ ഒരു ചന്ദ്ര കുഴിയിൽ ഒരു വലിയ ഘടന നിർമ്മിക്കുന്നതിലേക്ക് ജിആർ‌യു സ്‌പേസ് നീങ്ങും. റെഗോലിത്ത് (ചന്ദ്രന്റെ പൊടി) ഇഷ്ടികകളാക്കി മാറ്റുന്ന ഒരു രീതി പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് പിന്നീട് ഹോട്ടലിനെ വികിരണങ്ങളിൽ നിന്നും തീവ്രമായ താപനിലയിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിക്കും. 2032ൽ ചന്ദ്രനിലെ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.