കമലേശ്വരത്ത് അമ്മയും മകളും വിഷംകഴിച്ച് മരിച്ച സംഭവം; യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ടയേർഡ് അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്‌ടർ എൻ രാജീവിന്റെ ഭാര്യ എസ് എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിനുത്തരവാദി മകളുടെ ഭർത്താവ് ബി എം ഉണ്ണികൃഷ്‌ണനാണെന്ന് സജിതയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
മുംബയിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പിടിയിലായത്. വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസെടുത്ത പൂന്തുറ പൊലീസ് ഉണ്ണികൃഷ്ണനെ നാട്ടിലെത്തിക്കാൻ മുംബയിലേയ്ക്ക് തിരിച്ചുവെന്നാണ് വിവരം.
സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആത്മഹത്യാക്കുറിപ്പ് അയച്ചതിനുശേഷമാണ് അമ്മയും മകളും ജീവനൊടുക്കിയത്. സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്ന് മാസം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ആറ് വർഷം മുമ്പായിരുന്നു ഗ്രീമയുടെയും പഴഞ്ചിറ സ്വദേശിയായ ഉണ്ണികൃഷ്‌ണന്റെയും വിവാഹം. 25 ദിവസം മാത്രമാണ് ദാമ്പത്യബന്ധം നീണ്ടുനിന്നത്. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണന്റെ ബന്ധു മരിച്ചതിനെ തുടർന്ന് ഗ്രീമയും മാതാവും സ്ഥലത്തെത്തുകയും, ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണൻ മോശമായി സംസാരിച്ചതിനെത്തുടർന്ന് സജിത സംഭവസ്ഥലത്തുവച്ച് ബോധരഹിതയായി വീണു. ഇതിലുണ്ടായ മനോവിഷമം മൂലമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.