വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം,​ ഭാര്യയെ വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Thursday 22 January 2026 4:46 PM IST

അഹമ്മദാബാദ്: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗുജറാത്ത് മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിംഗ് ഗോഹിൽ ഭാര്യ രാജേശ്വരി ഗോഹിൽ എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചായിരുന്നു യഷ്‌രാജ് ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത്.

കൃത്യത്തിന് ശേഷം ഇയാൾ തന്നെ ആംബുലൻസിനെ വിവരമറിയിച്ചു. എന്നാൽ മെഡിക്കൽ സംഘം എത്തുമ്പോഴേക്കും രാജേശ്വരി മരിച്ചിരുന്നു. മരണവിവരം സ്ഥിരീകരിച്ച് ആംബുലൻസ് സംഘം മടങ്ങിയതിന് പിന്നാലെ, മറ്റൊരു മുറിയിൽ പോയി യഷ്‌രാജ് സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.

മുൻ ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ ശക്തിസിംഗ് ഗോഹിലിന്റെ സഹോദര പുത്രനാണ് മരിച്ച യഷ്‌രാജ്‌. സംഭവത്തിൽ കോൺഗ്രസ് വക്താവ് മനീഷ് ദോഷി അനുശോചനം രേഖപ്പെടുത്തി. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാകാമെന്ന സാദ്ധ്യതയും കുടുംബാംഗങ്ങൾ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തോക്കിന്റെ ലൈസൻസ് രേഖകൾ, ആംബുലൻസിലേക്ക് വിളിച്ച ഫോൺ റെക്കാഡുകൾ തുടങ്ങിയവ പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.