മൂന്നു പതിറ്റാണ്ടിന് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുന്നു, ചിത്രീകരണത്തിന് നാളെ തുടക്കം

Thursday 22 January 2026 7:40 PM IST

32 വർഷത്തിന് ശേഷം മമ്മൂട്ടിയും വിശ്വവിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നാളെ നടക്കും. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നാളെയാണ്. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് എറണാകുളത്ത് പ്ലാൻ ചെയ്യുന്നത്. വയനാടാണ് മറ്റൊരു ലൊക്കേഷൻ. 35 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നു . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ഷഹ്നാദ് ജലാലാണ്. ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.വി. മോഹൻകുമാറന്റേതാണ് കഥ.

1993ൽ പുറത്തിറങ്ങിയ വിധേയനാണ് മമ്മൂട്ടി- അടൂർ കൂട്ടുകെട്ടിൽ എത്തിയ അവസാന ചിത്രം. അനന്തരം (1987)​,​ മതിലുകൾ (1989)​ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഇതിൽ മതിലുകൾ,​ വിധേയൻ എന്നീ ചിത്രങളിലെ അഭിനയത്നിന് മമ്മൂട്ട്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

അടൂർ ചിത്രത്തിനുശേഷം ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. മമ്മൂട്ടിയും ധനുഷും ഒരുമിക്കുന്ന ചിത്രം ശിവകാർത്തകേയന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം അമരൻ ഒരുക്കിയ രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്നു. സായ് പല്ലവി ആണ് നായിക.