ആശങ്ക ഉയർത്തുന്ന കരട് വൈദ്യുതി നയം
ദേശീയ വൈദ്യുതി നയത്തിന്റെ കരട്, അഭിപ്രായമാരാഞ്ഞ് സംസ്ഥാനങ്ങൾക്കും വൈദ്യുതി ഉത്‌പാദന- വിതരണ കമ്പനികൾക്കും കൈമാറിയിരിക്കുകയാണ്. ഉത്‌പാദന ചെലവിന് ആനുപാതികമായി വാർഷിക നിരക്ക് വർദ്ധനയടക്കം നിർദ്ദേശിക്കുന്നതാണ് ഇത്. എല്ലാ വർഷവും റഗുലേറ്ററി കമ്മിഷന്റെ അനുമതി പോലും ഇല്ലാതെ വൈദ്യുതി നിരക്ക് കൂടാൻ വഴിയൊരുക്കുന്നതാണിത്. വൈദ്യുതി വാങ്ങുന്നതിൽ കമ്പനികൾക്കുണ്ടാകുന്ന ചെലവിലെ വർദ്ധന റഗുലേറ്ററി കമ്മിഷന്റെ തീരുമാനമില്ലാതെ തന്നെ ഈടാക്കണം എന്നാണ് കരടിൽ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വൈദ്യുതി ഉപഭോക്താക്കളുടെ വശം കൂടി കേട്ടിട്ടാണ് റഗുലേറ്ററി കമ്മിഷൻ വൈദ്യുതി നിരക്ക് കൂട്ടാൻ ബോർഡിനെ അനുവദിക്കുന്നത്. അതുപോലെ തന്നെ വൈദ്യുതി ബോർഡ് ആവശ്യപ്പെടുന്ന വർദ്ധന അതേപടി അംഗീകരിക്കാറുമില്ല. പുതിയ ദേശീയ നയം വന്നു കഴിഞ്ഞാൽ റഗുലേറ്ററി കമ്മിഷൻ എന്ന സംവിധാനം തന്നെ അപ്രസക്തമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
അതിനാൽ ഇക്കാര്യത്തിൽ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുകൊണ്ട് കേരളം ശക്തമായ വിയോജിപ്പ് അറിയിക്കേണ്ടതാണ്. ഇപ്പോൾ സംസ്ഥാന സർക്കാരുകളുടെ കൂടി താത്‌പര്യം പരിഗണിച്ചാണ് നിരക്കിന്റെ കാര്യത്തിൽ കമ്മിഷനുകൾ തീരുമാനമെടുക്കുന്നത്. ഇതിലാണ് ഇനി മാറ്റം വരാൻ പോകുന്നത്. വൈദ്യുതി വാങ്ങൽ ചെലവ് കൂടുന്നതനുസരിച്ച് സർച്ചാർജ് ചുമത്തുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങളും കരടുനയം അംഗീകരിച്ചാൽ ഇല്ലാതാകും. നിരക്ക് കൂട്ടുന്നതിൽ കമ്മിഷനുകളുടെ തീരുമാനം പലപ്പോഴും നീണ്ടുപോകുന്നത് വൈദ്യുതി വിതരണ കമ്പനികളുടെ നഷ്ടം ഉയർത്തുന്നുവെന്ന് വിലയിരുത്തിയാണ് പരിഷ്കരണ രീതിയിൽ നിർണായക മാറ്റത്തിന് കേന്ദ്രം ഒരുങ്ങുന്നത്.
കേരളത്തിൽ ഇപ്പോൾ സൗജന്യ വൈദ്യുതി നൽകുന്നതിന് സർക്കാർ നൽകേണ്ട സബ്സിഡി, വൈദ്യുതി ബോർഡും സർക്കാരുമായുള്ള മറ്റു ബാദ്ധ്യതകളിൽ തട്ടിക്കിഴിക്കുകയാണ്. ഈ രീതി അവസാനിപ്പിക്കാനും കരട് നയം നിർദ്ദേശിക്കുന്നു. മുൻകൂർ സബ്‌സിഡി നൽകിയാൽ മാത്രമേ സൗജന്യ വൈദ്യുതി അനുവദിക്കാവൂ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് അമിത ഭാരമാകും. സബ്സിഡി ഒഴിവാക്കിയാൽ കേരളത്തിലെ വലിയ വിഭാഗം ഗാർഹിക ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഒരു വിഭാഗത്തിന് കൂടുതൽ നിരക്കു ചുമത്തി, മറ്റു വിഭാഗങ്ങൾക്ക് സൗജന്യമായി നൽകുന്ന ക്രോസ് സബ്സിഡി ഒഴിവാക്കേണ്ടിയും വരും. ചുരുക്കിപ്പറഞ്ഞാൽ വൈദ്യുതിയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള പല അധികാരങ്ങളും നഷ്ടപ്പെടുത്തുന്നതാണ് ദേശീയ കരട് വൈദ്യുതി നയം. അതേപടി ഇത് നടപ്പായാൽ എല്ലാം കേന്ദ്ര വൈദ്യുതി അതോറിട്ടിയാവും നിശ്ചയിക്കുക.
ക്രോസ് സബ്സിഡി സർച്ചാർജ്ജിൽ നിന്ന് നിർമ്മാണ യൂണിറ്റുകൾ, മെട്രോ എന്നിവയെ ഒഴിവാക്കിയിട്ടുള്ളത് ആശ്വാസകരമാണ്. പ്രസരണനഷ്ടം കുറയ്ക്കുന്നതിന് പ്രീപെയ്ഡ് സ്മാർട്ട് മീറ്ററിംഗ് നടപ്പാക്കുക, പ്രസരണ, വിതരണ നഷ്ടം ഒറ്റയക്കത്തിലെത്തിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ദേശീയ വൈദ്യുതി നയത്തിൽ ഉൾക്കൊള്ളുന്നു. 2032 ഓടെ നാലരലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് കരടുനയം വ്യക്തമാക്കുന്നു. ആണവ വൈദ്യുതിക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ഉത്പാദന, വിതരണ മേഖലയിലും അനുബന്ധ രംഗങ്ങളിലും സ്വകാര്യ മേഖലയ്ക്ക് കടന്നുവരാൻ വഴിയൊരുക്കുന്ന നിർദ്ദേശങ്ങളാണ് കരടിലുള്ളതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ താത്പ്പര്യവും സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടുള്ള നിലപാടായിരിക്കണം കേരളം സ്വീകരിക്കേണ്ടത്.