വിജ‌യ്‌യുടെ ടിവികെയ്ക്ക് വിസിൽ ചിഹ്നം,​ കമൽഹാസന്റെ പാർട്ടിക്കും ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

Thursday 22 January 2026 8:07 PM IST

ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ)​ വിസിൽ ചിഹ്നത്തിൽ മത്സരിക്കും. ട.വി.കെയ്ക്ക് വിസിൽ ചിഹ്നം അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം നവംബർ 11ന് ടി.വി.കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് സമർ‌പ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും കമ്മിഷന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു.

കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനും (എം.എൻ.എം)​ തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചിട്ടുണ്ട്. ബാറ്ററി ടോർച്ചാണ് എം.എൻ.എമ്മിന്റെ ചിഹ്നം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തിലാണ് എം.എൻ.എം സ്ഥാനാർത്ഥികൾ മത്സരിച്ചത്.