വേറിട്ട വേഷപ്പകർച്ചയിൽ ഷാജു ശ്രീധർ ,​ ശിവസ്തുതിയിൽ അറ്ര് ലിറിക്കൽ ഗാനം

Friday 23 January 2026 6:09 AM IST

പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് എന്ന ചിത്രത്തിലെ 'ഹേയ് രുദ്രശിവ' എന്ന ലിറിക്കൽ ഗാനം പുറത്തിറങ്ങി. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കല്ലാട്ടം, ഫിൽറ്റർ ഗോൾഡ്, ജന്ധമട്ടാൻ എന്നീ മ്യൂസിക് വീഡിയോ ആൽബങ്ങളിലൂടെ ശ്രദ്ധേയരായ ഉമർ എഴിലാൻ - എച്ച്. ഷാജഹാൻ എന്നിവർ ചേർന്നാണ് സംഗീതം മരണവും ജീവിതവും അതിനിടയിലെ പോരാട്ടവും പ്രമേയമാകുന്നതാണ് വരികൾ. കരിയറിലെ വേറിട്ട വേഷത്തിലെത്തുന്ന ഷാജുവിനും ആകാശിനും ഒപ്പം പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്ന ശിവനെയും കാണാം . പത്ത് കല്‍പ്പനകൾ എന്ന ചിത്രത്തിന് ശേഷം എഡിറ്റർ ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക്‌ വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യ മലയാള സിനിമയാണ്. കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിൽ എത്തും. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എത്സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവരാണ് മറ്റു താരങ്ങൾ . കഥ, എഡിറ്റിംഗ് എന്നിവ സംവിധായകൻ തന്നെയാണ് . ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. ഹുമറും ഷാജഹാനും 4മ്യൂസിക്സും ചേർന്നാണ് സംഗീതം.

വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് . പി.ആർ. ഒ പി. ശിവപ്രസാദ്.