സ്മാർട്ടാക്കിയിട്ടും 'നന്നാവി'ല്ലെന്ന് ചില വില്ലേജ് ഓഫീസുകൾ!

Friday 23 January 2026 1:53 AM IST

നെടുമങ്ങാട്: റവന്യൂ സേവനങ്ങൾ ഓൺലൈനാക്കിയും ഓഫീസുകൾ സ്മാർട്ടാക്കിയും അഴിമതി കുറയ്ക്കാൻ സർക്കാർ കിണഞ്ഞു ശ്രമിക്കുമ്പോഴും 'തല്ലേണ്ടമ്മാവാ നന്നാവില്ല" എന്ന മട്ടിലാണ് നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിൽ ചില വില്ലേജോഫീസുകളുടെ പ്രവർത്തനം.സേവനങ്ങൾക്കായി എത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായും ഫയലുകൾ മനഃപൂർവം വൈകിപ്പിക്കുന്നതായുമുള്ള പരാതികൾ വ്യാപകമാവുകയാണ്. ഈയിടെ,വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ ഫയലുകൾക്കൊപ്പം മദ്യം നിറച്ച കുപ്പികളും കൈക്കൂലിപ്പണവും അനധികൃത രേഖകളും വില്ലേജ് ഓഫീസുകളിൽ നിന്ന് കണ്ടെടുത്തിരുന്നു.നെടുമങ്ങാട് ആർ.ഡി.ഒയുടെയും തഹസിൽദാരുടെയും കൺവെട്ടത്തുള്ള കരുപ്പൂര് വില്ലേജ് ഓഫീസിലും അലമാരയിൽ നിന്ന് മദ്യവും കണക്കിൽപ്പെടാത്ത പണവും പിടികൂടിയിരുന്നു.

തലസ്ഥാനത്ത് നെടുമങ്ങാട്,കാട്ടാക്കട,നെയ്യാറ്റിൻകര,ചിറയിൻകീഴ്,വർക്കല,തിരുവനന്തപുരം താലൂക്കുകളിലായി 71വില്ലേജ് ഓഫീസുകളിലാണ് വിജിലൻസ് റെയ്ഡ് നടന്നത്.പരിശോധനയുമായി ബന്ധപ്പെട്ട് 41റിപ്പോർട്ടുകൾ ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറിയതായാണ് വിവരം.ജീവനക്കാരുടെ പതിവ് ജോലികളിലെ വീഴ്ചകളും ഫയൽ നീക്കത്തിലെ കാലതാമസം അടക്കമുള്ള പോരായ്മകളും റിപ്പോർട്ടിലുള്ളതായി സൂചനയുണ്ട്. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ജില്ലയിൽ പരിശോധന നടത്തിയത്. മിന്നൽ പരിശോധനകൾ തുടരാനും പ്രതിമാസം ഓഡിറ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പണം പിടുങ്ങാൻ പലവഴികൾ!

വസ്തു പോക്കുവരവ് ചെയ്ത് കരം ഒടുക്കുന്നതിനെത്തുന്ന അത്യാവശ്യക്കാരോട് സ്ഥലം കാണണമെന്നു പറഞ്ഞ് പണം തട്ടലാണ് പതിവ്. റീ -സർവേ നടപടികളുടെ ഭാഗമായി ഓൺലൈൻ കരം ഒടുക്കാൻ എത്തുന്നവരെയും കാര്യമായി പിഴിയും.പ്രമാണത്തിലുള്ള അളവിനേക്കാൾ കൂടുതലാണ് കരം തീരുവയിൽ എന്ന് പറഞ്ഞാവും 'പിഴിച്ചിൽ". ബാങ്ക് വായ്പ,വിദ്യാഭ്യാസ-ചികിത്സാ ധനസഹായം,ഇതര ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ഹാജരാക്കാൻ സർട്ടിഫിക്കറ്റ് അപേക്ഷയുമായി എത്തുന്നവരെയും വെറുതെ വിടാറില്ല. കരുപ്പൂര് വില്ലേജിലെ അഴിമതിയും കൈക്കൂലിയും തടയണമെന്നാവശ്യപ്പെട്ട് റവന്യു അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിരുന്നതായി സ്ഥലവാസിയും പൊതുപ്രവർത്തകനുമായ വാണ്ടസതീഷ് പറയുന്നു.

മാറ്റിവച്ച ഫയലുകളിൽ തീർപ്പില്ലാതെ

ഓഫീസർമാരുടെ കാറുകളിൽ ഒളിപ്പിച്ച അനധികൃത പണം പിടികൂടിയ സംഭവങ്ങളും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. യഥാസമയം തീർപ്പാക്കാത്ത ഫയലുകളും വില്ലേജുകളിൽ കണ്ടെത്തിയിരുന്നു.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്ത് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

വില്ലേജുകളിലെ കണ്ടെത്തലുകളിൽ തുടരന്വേഷണവും നടപടിയുമുണ്ടാവും.വിജിലൻസിന് പുറമെ കളക്ടറേറ്റിലും റവന്യു ഡിവിഷനിലും പരിശോധന വിഭാഗങ്ങൾ പ്രവർത്തനസജ്ജമാണ്""

-ജയകുമാർ .കെ.പി (ആർ.ഡി.ഒ,നെടുമങ്ങാട്)