വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സമഗ്രമായ അന്വേഷണം വേണമെന്ന്

Friday 23 January 2026 1:18 AM IST

പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ റാഗിംഗ് ഉൾപ്പടെയുള്ള ഗുരുതരമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അതിനെതിരെ നടപടിയെടുക്കാത്തത് തികഞ്ഞ അനാസ്ഥയാണ്. മരണപ്പെട്ട വിദ്യാർത്ഥിനി ക്രൂരമായ റാഗിങ്ങിനിരയായി എന്നും ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ള അധികാരികളോട് പരാതി പറഞ്ഞെങ്കിലും തക്കതായ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നു.

ഈ സംഭവത്തിന് കാരണക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. സംഭവത്തിൽ സിബിഎസ്ഇ ബോർഡും കേന്ദ്ര മാനവവിഭവശേഷി വകുപ്പും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്രമായി അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും ഉറപ്പാക്കണമെന്നും എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.