ബാലരാമപുരം വടക്കേവിള റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷം
ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ വടക്കേവിള വാർഡിൽ കൊടിനട-വടക്കേവിള റോഡിലെ മാലിന്യക്കൂനയ്ക്കെതിരെ നാട്ടുകാരുടെ പരാതിയേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വടക്കേവിള റോഡിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന കൊടിനട- വടക്കേവിള റോഡിൽ ദുർഗന്ധം കാരണം നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം കുന്നുകൂടുന്നതിനെതിരെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ വ്യാപക പരാതിയുയർന്നിരുന്നു. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. പ്രദേശത്ത് സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം കൊണ്ടിടുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കേരള വടക്കേവിള യൂണിറ്റും കൊടിനട-വടക്കേവിള വാർഡിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മാലിന്യമുക്ത ജനകീയ വാർഡുകൾ ക്യാമ്പെയിൻ വിജയകരമാക്കാൻ ജനപ്രതിനിധികൾ വിവിധ സന്നദ്ധ സംഘടനകുളമായി ചേർന്ന് പ്രവർത്തിക്കണമെന്നും അസോസിയേഷനുകളുടെ കൂട്ടായ്മയ ഫ്രാബ്സ് ആവശ്യപ്പെട്ടു.
തെരുവ് നായ്ക്കളും
മാലിന്യനിക്ഷേപം വർദ്ധിച്ചതോടെ തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. ദുർഗന്ധം കാരണം പരിസരത്തെ വ്യാപാരികളും പ്രതിഷേധത്തിലാണ്. പള്ളിച്ചൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണം കാര്യക്ഷമമാക്കണമെന്നാണ് വാർഡ് നിവാസികൾ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തി ജൈവഅജൈവ മാലിന്യങ്ങൾ വേർതിരിച്ച് പ്രദേശം മാലിന്യമുക്തമാക്കണമെന്നും നാട്ടുകാരും വടക്കേവിള റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.