കണ്ടല ബാങ്കിനെതിരെ എം.എൽ.എ ഗൂഢാലോചന നടത്തി: എൻ.ഭാസുരാംഗൻ

Friday 23 January 2026 3:55 AM IST

മലയിൻകീഴ്: കണ്ടല സഹകരണ ബാങ്കിനെ തകർക്കാൻ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി മുൻ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സി.പി.ഐ നേതാവ് വിളപ്പിൽ രാധാകൃഷ്ണനും ബി.ജെ.പി പ്രാദേശിക നേതാവ് തൂങ്ങാംപാറ ബാലകൃഷ്ണനും സി.പി.ഐയിലെ പവർ ഗ്രൂപ്പും ചേർന്നാണ് ബാങ്കിനെ തകർത്തതെന്നും ഭാസുരാംഗൻ പറഞ്ഞു.

30 മാസമായി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണത്തിലായ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം നൽകാനുള്ള നടപടി സർക്കാർ തലത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. 2007 മുതൽ 2022 വരെ തുടർച്ചായി എൽ.ഡി.എഫാണ് ഭരിച്ചിരുന്നത്. മലയിൻകീഴ് പൗരസമിതിയുടെ പേരിൽ വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ച് ബാങ്കിനെതിരെ പരാതി നൽകിയശേഷം "കരുവന്നൂരിന് പുറമേ കണ്ടല ബാങ്കും തകരുന്നു" എന്ന് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയെന്നും ഭാസുരാംഗൻ ആരോപിച്ചു. തുടർന്നാണ് നിക്ഷേപകർ പരിഭ്രാന്തരായി കൂട്ടത്തോടെ പണം പിൻവലിക്കാൻ തുടങ്ങുന്നത്. അഡ്‌മിനി‌സ്ട്രേറ്റർ ഭരണം അനിവാര്യമാണെന്ന രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി രാജിവച്ചതെന്നും ഭാസുരാംഗൻ പറഞ്ഞു.