മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ച് ദുരന്തനിവാരണവിഭാഗം: കുപ്പത്ത് പത്തുദിവസത്തിനകം പരിഹാരം

Thursday 22 January 2026 10:23 PM IST

തളിപ്പറമ്പ്: കുപ്പത്ത് മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു.സംഭവത്തിൽ പത്ത് ദിവസത്തിനകം ശാശ്വത പരിഹാരമുണ്ടാക്കാൻ തീരുമാനിച്ചു. ഇനി ഒരു ദുരന്തം താങ്ങാൻ സി.എച്ച് നഗറിന് സാധിക്കില്ലെന്നും അടുത്ത മഴക്കാലത്തിന് പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ എ.ബി.സി ഹൗസിന് മുന്നിൽ മണ്ണ് നീക്കിയുള്ള ഏത് പ്രവൃത്തിയും കെട്ടിടത്തെ ബാധിക്കുമെന്നതിനാൽ മറ്റ് മാർഗങ്ങൾ തേടണമെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവരും അറിയിച്ചു.

ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും ദേശീയപാതാ നിർമ്മാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിന്റെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്ന് എ.ബി.സി ഹോമിന് മുന്നിൽ അടർന്നു വീണ കല്ലിന്റെ ഭാഗം ഇടിച്ച് സംരക്ഷണഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചു. പത്ത് ദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് കരാറുകാരുടെ ഉറപ്പ്. ഒരോ ദിവസവും പ്രവൃത്തി വിലയിരുത്തുമെന്നും അധികൃതർ പറഞ്ഞു.ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഐശ്വര്യ,ആർ.ഡി.ഒ ഓഫിസ് സൂപ്രണ്ട് പി.സി സാബു, തഹസീൽദാർ പി. സജീവൻ, പരിയാരം വില്ലേജ് ഓഫിസർ പി.വി വിനോദ് തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

ദേശീയപാത വിദഗ്ധസംഘം ഇന്ന് എത്തും തളിപ്പറമ്പ്: കുപ്പം കപ്പണത്തട്ടിൽ മണ്ണിടിഞ്ഞ് എ.ബി.സിയുടെ കെട്ടിടം ഉൾപ്പെടെ അപകടാവസ്ഥയിലായ പ്രദേ ശം ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ഇടിഞ്ഞുവീണ ഭിത്തിയുടെ കൂറ്റൻ പാറകൾ അവിടെ വെച്ച് തന്നെ പൊടിച്ച് നിരത്തുന്നത് സംബന്ധിച്ച് സംഘം തീരുമാനമെടുക്കും.

ഇന്നലെ രാവിലെ എം.വി. ഗോവിന്ദൻ എം.എൽ.എയും സ്ഥലം സന്ദർശിച്ചു. വലിയ അപകടമാണ് ഒഴി വായതെന്നും നിർമ്മാണം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.