വോട്ടർപട്ടികയിൽ ദുരൂഹ ഇടപെടലുണ്ടെന്ന് സി.പി.എം: രജിസ്‌ട്രേഡ് മൊബൈൽ നമ്പറുകളിൽ അന്യസംസ്ഥാന വോട്ടുകളെന്ന് ആരോപണം
കണ്ണൂർ: വോട്ടർപട്ടികയിൽ പേരുചേർക്കുന്ന നടപടിയിൽ അസ്വാഭാവികവും ഗുരുതരവുമായ ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയമുന്നയിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്ത്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ഉടമകൾ അറിയാതെ അന്യസംസ്ഥാനക്കാരുടേതുൾപ്പെടെയുള്ള പേരുകൾ ചേർത്തതായി തെളിവു സഹിതം കണ്ടെത്തിയെന്ന് രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 204, 207 നമ്പർ ബൂത്തുകളിൽ എൽ.ഡി.എഫ് പ്രവർത്തകർ സ്വന്തം മൊബൈൽ ഫോണുകളിൽ ഒ.ടി.പി നൽകി ചേർത്ത വോട്ടുകൾ വെരിഫൈ ചെയ്തപ്പോഴാണ് തങ്ങൾ ചേർക്കാത്ത മൂന്ന് വോട്ടുകൾ കൂടി പട്ടികയിൽ കണ്ടെത്തിയത്.കംലാലാനി ജെന (ഒഡിഷ), പിങ്കി കുമാരി (ബിഹാർ, ബഗുസരായി), കെ. വാസന്തി (തമിഴ്നാട്, മാടാവരം) എന്നിവർക്കാണ് തളിപ്പറമ്പിൽ വോട്ടുകൾ കണ്ടെത്തിയത്. ഫോം എട്ട് വഴിയാണ് ഈ വോട്ടുകൾ ചേർത്തത്.ഒരു മൊബൈൽ നമ്പറിൽ ആറ് വോട്ടുകൾ വരെ ചേർക്കാൻ സാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം അനധികൃത ഇടപെടലെന്ന് രാഗേഷ് വിശദീകരിച്ചു. രണ്ട് ഫോൺ നമ്പറുകളിലായി മൂന്ന് അന്യസംസ്ഥാന വോട്ടുകൾ കടന്നുകയറിയതായി സ്റ്റാറ്റസിൽ വ്യക്തമാണെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. വോട്ടർ വെരിഫിക്കേഷൻ നടത്തേണ്ട ബൂത്ത് ലെവൽ ഓഫീസർമാർക്കും (ബി.എൽ.ഒ) ഇക്കാര്യത്തിൽ വ്യക്തതയില്ല.സംഭവത്തിൽ ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കൃത്രിമം നടക്കണമെങ്കിൽ സെർവർ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.ഇക്കാര്യത്തിൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അവ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും രാഗേഷ് പറഞ്ഞു.
പാർലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം 2,19,239 അപേക്ഷകൾ
ജില്ലയിൽ ഇപ്പോൾ 2,19,239 പുതിയ വോട്ടർ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഒന്നര വർഷം പോലും പൂർത്തിയാകുന്നതിന് മുൻപേ 2.19 ലക്ഷം അപേക്ഷകൾ ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും രാഗേഷ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നോ മറ്റ് പ്രദേശങ്ങളിൽ നിന്നോ ആളുകളെ കൊണ്ടുവന്ന് കൂട്ടത്തോടെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്ന് ജില്ലാ, സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.