ട്രക്ക് മലയിടുക്കിലേക്ക് പതിച്ച് 10 ജവാൻമാർക്ക് വീരമൃത്യു

Friday 23 January 2026 12:44 AM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ദോഡയിൽ മിലിട്ടറി ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. 11 പേർക്ക് പരിക്കേറ്റു. പ്രത്യേക ദൗത്യത്തിനായി പോയ കാസ്പിർ എന്ന ബുള്ളറ്റ് പ്രൂഫ് വാഹനം ഭദേർവാ- ചമ്പ അന്തർസംസ്ഥാന റോഡിൽ ഖന്നി ടോപ്പിലൂടെ മുകളിലേക്ക് കയറവെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ട‌പ്പെട്ട് 200 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

നാല് സൈനികർ സംഭവസ്ഥലത്തും ആറുപേർ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴുമാണ് മരിച്ചത്. പരിക്കേറ്റ 11വരെ ഹെലികോപ്ടറിൽ ഉധംപൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചിച്ചു.

പരിക്കേറ്റ സൈനികർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ എല്ലാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് രാഷ്ട്രം സായുധ സേനകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്- രാജ്നാഥ് സിംഗ് പറഞ്ഞു.