അമ്പലപ്പുഴയിൽ യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായക്കൂട്ടം
അമ്പലപ്പുഴ: പാതയോരങ്ങളിൽ തെരുവുനായക്കൂട്ടം വിലസുന്നതോടെ യാത്രക്കാരും പ്രദേശവാസികളും ഭീതിയിൽ. പഴയ നടക്കാവ് റോഡിലും, തീരദേശ റോഡിലും തെരുവുനായകൾ കൂട്ടത്തോടെ വിലസുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ദേശീയപാത പുനർനിർമ്മാണം നടക്കുന്നതിനാൽ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും ഇതുവഴിയാണ്. അമ്പലപ്പുഴ മുതൽ കളർകോട് വരെ റോഡുകളുടെ അരികിലെ മൈതാനങ്ങളിലും, ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലുമാണ് തെരുവുനായ്ക്കൾ തമ്പടിക്കുന്നത്. നായ്ക്കളെ ഭയന്ന് ഇതുവഴി പ്രഭാതസവാരിക്കു പോകാൻ പോലും പ്രദേശവാസികൾ മടിക്കുകയാണ്. രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്കു നേരെ കൂട്ടത്തോടെ കുരച്ച് ചാടി വീഴുമ്പോൾ നിയന്ത്രണം തെറ്റി വീഴുന്നതും നിത്യസംഭവമാണ്. സ്കൂൾ കുട്ടികളും, സ്ത്രീകളും തെരുവുനായ്ക്കളെ ഭയന്ന് കൂട്ടത്തോടെ മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. വഴിയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യമാണ് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. അധികൃതർ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
ദേശീയപാത നിർമ്മാണം പൂർത്തിയാകാത്തതിനാലാണ് യാത്രക്കാർ പഴയ നടക്കാവ് റോഡിനെയും, തീരദേശ റോഡിനെയും ആശ്രയിക്കുന്നത്. എന്നാൽ അതിലേറെ ദുരിതമാണ് തെരുവുനായ സൃഷ്ടിക്കുന്നത്.
വി.ഉത്തമൻ
അമ്പലപ്പുഴ പൊതുപ്രവർത്തകൻ