പ്രധാനമന്ത്രിയുടെ ചായക്കട വാദം വോട്ടു തട്ടാൻ: ഖാർഗെ
ന്യൂഡൽഹി: താൻ പണ്ട് ചായവില്പന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം വോട്ടുകിട്ടാനുള്ള നാടകമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. അദ്ദേഹം എന്നെങ്കിലും ചായ ഉണ്ടാക്കിയോ എന്ന് സംശയമുണ്ടെന്നും കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് വീണ്ടെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
പ്രസ്‌താവന വിവാദമായതോടെ മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. പ്രധാനമന്ത്രിയുടേത് ഒരു എളിയ പശ്ചാത്തലമാണെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് ടോം വടക്കൻ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി വീണ്ടെടുക്കും വരെ പ്രക്ഷോഭം: കോൺഗ്രസ്
ന്യൂഡൽഹി: പുതിയ നിയമത്തിലൂടെ ഇല്ലാതായ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചു കൊണ്ടുവരും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഡൽഹിയിൽ നടന്ന തൊഴിലുറപ്പ് വീണ്ടെടുപ്പ് റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികൾ,കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയറാം രമേശ് തുടങ്ങിയവർ പങ്കെടുത്തു.