മെയ്‌തി യുവാവിനെ വെടിവച്ചുകൊന്നു
ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പുരിൽ മെയ്‌തി വിഭാഗത്തിലെ യുവാവിനെ വെടിവച്ചുകൊന്നു. കാക്ചിംഗ് സ്വദേശി മയംഗ്ലംബം ഋഷികാന്ത സിംഗാണ് (28) കൊല്ലപ്പെട്ടത്. നേപ്പാളിൽ ജോലി ചെയ്യുന്ന ഋഷികാന്ത അവധിക്ക് നാട്ടിലെത്തി കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യ ചിങ്നു ഹാവോകിപ്പിനൊപ്പം താമസിക്കുമ്പോളാണ് സംഭവം.
ബുധനാഴ്ച വൈകിട്ട് സായുധരായ ഒരു സംഘം ദമ്പതികളെ ചുരാചന്ദ്പൂരിലെ തുയിബോങ്ങിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഭാര്യയെ വിട്ടയച്ച അക്രമികൾ ഋഷികാന്തയെ നട്ചാംഗ് ഗ്രാമത്തിൽ കൊണ്ടുപോയി വെടിവച്ചുകൊന്നു. ഇന്നലെ പുലർച്ചെയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.
മണിപ്പൂരിൽ കലാപത്തെ തുടർന്ന് മെയ്തി വിഭാഗക്കാർ കുക്കി ഭൂരിപക്ഷ പ്രദേശത്തോ കുക്കി വിഭാഗം മെയ്തി ഭൂരിപക്ഷ പ്രദേശത്തോ പ്രവേശിക്കാറില്ല. ഋഷികാന്തിനെ ഒപ്പം താമസിപ്പിക്കാൻ ഭാര്യ കുക്കി നാഷണൽ ഓർഗനൈസേഷനിൽ നിന്ന് അനുമതി വാങ്ങിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അനുമതി നൽകിയിട്ടില്ലെന്നാണ് സംഘടനയുടെ വിശദീകരണം.
കൊല നടത്തിയത് സസ്‌പെൻഷൻ ഒഫ് ഓപ്പറേഷൻസ് കരാറിൽ ഒപ്പിടാത്ത യുണൈറ്റഡ് കുക്കി നാഷണൽ ആർമി എന്ന സംഘടനയിലെ അംഗങ്ങളെന്നാണ് പൊലീസിന്റെ സംശയം.
കൈകൂപ്പിയിട്ടും
കേട്ടില്ല
വെടിയുതിർക്കും മുമ്പ് യുവാവ് കൈകൂപ്പി അപേക്ഷിക്കുന്നതിന്റെയും പിന്നാലെ വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. 'സമാധാനമില്ല, ജനകീയ സർക്കാരില്ല' എന്ന അടിക്കുറിപ്പോടെയാണ് കലാപകാരികൾ വീഡിയോ പുറത്തുവിട്ടത്.