നോ പാർക്കിംഗ് ബോർഡുകൾ വ്യാപകം
ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാതയോരത്ത് വ്യാപകമായി പൊലീസിന്റെ പേരിൽ അനധികൃത നോപാർക്കിംഗ് ബോർഡുകളെന്ന് ആക്ഷേപം. സ്വകാര്യ വ്യാപാര സ്ഥാപനങ്ങളാണ് പൊലീസിന്റെ പേരിൽ ഇത്തരം ബോർഡുകൾ റോഡുവശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് വാഹന ഗതാഗതത്തെയും ബാധിക്കുന്നു. പാർക്കിംഗ് നിരോധിച്ചു കൊണ്ട് ബോർഡ് സ്ഥാപിക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും ഇത് കണ്ടിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വാഹന ഗതാഗതത്തിന് തടസമുണ്ടാകുന്ന സ്ഥലങ്ങളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പൊലീസിന് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കാം. എന്നാൽ ഇത്തരം ബോർഡുകൾ വ്യാപാര സ്ഥാപനങ്ങൾ നിയമം ലംഘിച്ച് സ്ഥാപിക്കുന്നത് കൂടിവരികയാണ്. നഗരാതിർത്തിയായ ആലംകോട് മുതൽ മാമം വരെ റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് ഡസനിലധികം ഇത്തരം ബോർഡുകൾ നിലവിലുണ്ട്. എന്നാൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ മുന്നിൽ മിക്കപ്പോഴും നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും കാണാം. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കേണ്ട ചുമതല സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമാണെന്നും ചൂണ്ടിക്കാണിക്കുന്നു. റോഡിലെ അനധികൃത പാർക്കിംഗ് ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതത്തിനു തടസമായിട്ടും നടപടിയില്ല. ഇത്തരം ബോർഡുകൾ വേണ്ടിടത്ത് നഗരസഭയോ പൊതുമരാമത്ത് വകുപ്പോ വേണം സ്ഥാപിക്കാൻ.
പ്രതികരണം: നിയമം ലംഘിച്ച് പൊലീസിന്റെ പേരിൽ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള നോ പാർക്കിംഗ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യാനും സ്ഥാപിച്ചവർക്കെതിരെ നടപടിയും സ്വീകരിക്കണം.
സുനൽദത്ത്, സാമൂഹ്യ പ്രവർത്തകൻ.