ജാർഖണ്ഡിൽ 15 മാവോയിസ്റ്റുകളെ വധിച്ചു
റാഞ്ചി: ജാർഖണ്ഡിൽ 15 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മാവോയിസ്റ്റ് നേതാവും സി.പി.ഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ അനൽ ദാ എന്ന പതി റാം മാജിയെയുൾപ്പെടെയാണ് വധിച്ചത്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ പുലർച്ചെ പശ്ചിമ സിംഗ്ഭും ജില്ലയിലെ സരണ്ട വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. കുംഭ്ദിഹ് ഗ്രാമത്തിന് സമീപമാണ് വെടിവയ്പ് ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്.
ജാർഖണ്ഡിലെ ഏറ്റവും പ്രബലനായ മാവോയിസ്റ്റ് നേതാക്കളിലൊരാളാണ് അനൽ ദാ. സരണ്ട മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഇയാളായിരുന്നു. രാജ്യത്തെ മാവോയിസ്റ്റ് സാന്നിധ്യം പൂർണ്ണമായും തുടച്ചുനീക്കാനുള്ള കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശം നിലവിൽ പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. കൂടുതൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.