ഇന്ത്യ- ഇ.യു പ്രതിരോധ സഹകരണത്തിന് ധാരണ

Friday 23 January 2026 3:00 AM IST

ന്യൂഡൽഹി: സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധത എന്നിവ ഉൾക്കൊള്ളുന്ന സുരക്ഷാ, പ്രതിരോധ കരാറിൽ ഒപ്പിടാൻ ഇന്ത്യയും യൂറോപ്യൻ യൂണിയൻ ധാരണ. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും അന്തിമ ഘട്ടത്തിലാണ്.

യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും 25 മുതൽ 27വരെ ഇന്ത്യയിൽ നടത്തുന്ന സന്ദർശനത്തിനിടെ കരാറിൽ ഒപ്പിടും. ഇരുവരും റിപ്പബ്ളിക് ദിന പരേഡിൽ മുഖ്യാതിഥികളാണ്.

27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാകും പുതിയ സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവച്ചുകൊണ്ട് തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞ കാജ കല്ലാസ് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് കരാർ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്പിന്റെ സാമ്പത്തിക പ്രതിരോധശേഷിക്ക് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണ്. ഇന്നത്തെ ലോകത്ത് ഒന്നിക്കുന്നത് ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും പ്രയോജനപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.

 സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, സൈബർ പ്രതിരോധം, സമുദ്ര മേഖല അവബോധം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണവും ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയും ലക്ഷ്യമിടുന്നു

 വിദ്യാർത്ഥികൾ, സീസണൽ തൊഴിലാളികൾ, ഗവേഷകർ, പ്രൊഫഷണലുകൾ എന്നിവരുടെ യാത്ര സുഗമമാക്കാനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കാനും ഒരു സമഗ്ര മൊബിലിറ്റി ചട്ടക്കൂടിന് രൂപം നൽകും