പകൽവീടിന് പുനർജന്മം: വയോധികർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു

Friday 23 January 2026 12:00 AM IST

ഏങ്ങണ്ടിയൂർ: പുനരുദ്ധാരണത്തിന് ഒരുങ്ങി ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പകൽവീട്. 13ാം വാർഡിലെ ഫിഷറീസ് സ്‌കൂളിന് സമീപത്തെ സ്വതന്ത്ര്യ സമര സേനാനി പാട്ടാളി ഇച്ചാക്കന്മാർ സ്മാരക ചിൽഡ്രൻസ് പാർക്കിനോട് ചേർന്ന പകൽ വീടാണ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കുന്നത്. പഞ്ചായത്ത് അംഗം ഉഷ സുകുമാരന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ബോർഡിൽ പകൽവീടിന്റെ അവസ്ഥ അവതരിപ്പിച്ചതിനെ തുടർന്നാണ് 30 വർഷം പഴക്കമുള്ള പകൽവീടിന് ശാപമോക്ഷമാകുന്നത്. പഞ്ചായത്തിലെ 60 പിന്നിട്ട വയോധികരെ പകൽ സമയങ്ങളിൽ സംരക്ഷിക്കുന്നതിനായാണ് പകൽവീട് ആരംഭിച്ചത്. നാളുകളായി പ്രവർത്തനരഹിതമായി കിടന്നതിനാൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. കസേര, കട്ടിൽ, ടിവി, വിനോദോപാദികൾ, ശുദ്ധജലം ലഭിക്കാനുള്ള സംവിധാനം എന്നിവ സജ്ജമാക്കേണ്ടതുണ്ട്. വയോധികരെ രാവിലെ പകൽവീട്ടിലെത്തിക്കാനും വൈകിട്ട് തിരിച്ചു വീടുകളിലെത്തിക്കാനും വാഹനസൗകര്യം,​ പാചകപ്പുര എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഒരുക്കണം. പ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ ചെയർമാനായും എം.എ.സീബു ജനറൽ കൺവീനറായും പകൽവീടിനായി സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മാർച്ചിൽ പകൽ വീടിന്റെ പണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സ്‌പോൺസർമാരെ കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്ന് ജനറൽ കൺവീനർ പറയുന്നു.

വയോജനങ്ങളുടെ മാനസികോല്ലാസത്തിന് ഉതകുന്ന രീതിയിൽ പകൽവീട് പുനരുദ്ധരിക്കാനും സൗന്ദര്യവത്കരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

- സേവിയർ പുലിക്കോട്ടിൽ,​ ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്