കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ ചെമ്മരിയാടുകൾ എത്തി
ചേലക്കര: കൊയ്‌തൊഴിഞ്ഞ പാടങ്ങൾ തേടി ഇടയമ്മാർ ആട്ടിൻപറ്റവുമായി ചേലക്കര മേഖലയിലും എത്തിത്തുടങ്ങി. തമിഴ്‌നാട്ടിൽ നിന്നുമാണ് ചെമ്മരിയാടിന്റേയും കോലാടിന്റേയും കൂട്ടങ്ങളുമായി ഇടയമ്മാർ എത്തുന്നത്. മുന്നൂറോളം വലിയ ആടുകളും ഇരുന്നൂറോളം ആട്ടിൻകുട്ടികളുമാണ് കൂട്ടത്തിലുള്ളത്. കാളിയപ്പൻ, ജഗനാഥൻ എന്നീ ഇടയമ്മാർക്കും ഒപ്പം അഞ്ചോളം നായകളും ആടിനെ തെളിക്കുന്നതിനും രാപ്പകലില്ലാതെ കാവലിനായും കൂട്ടത്തിലുണ്ട്. കോയമ്പത്തൂർ സ്വദേശി രംഗനാഥന്റെയാണ് ആടുകൾ. ദിവസം എണ്ണൂറ് രൂപ വീതമാണ് ഇടയൻമാർക്ക് കൂലി. ആടുകളുമായി എത്തുന്നിടത്ത് വച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കും. രാവിലെ 10ന് മേയാനായി പാടത്തുവിട്ടാൽ ആറിന് തെളിച്ചുകൂട്ടി ചുറ്റുവല കെട്ടി സംരക്ഷിക്കും. രാത്രിയിൽ ആടുകൾക്ക് സമീപം തന്നെയാണ് ഇവരുടെ കിടപ്പും. കാവലിന് നായകൾ ഉണ്ടന്ന സമാധാനത്തോടെ ഉറക്കവും. രണ്ടു മാസത്തോളമായി ഇവർ കേരളത്തിൽ എത്തിയിട്ട്. കൊയ്‌തൊഴിഞ്ഞ പാടങ്ങൾ താണ്ടി ഏപ്രിൽ, മേയ് മാസത്തോടെ ഇവർ ആടുകളുമായി പഴനിയിൽ എത്തുമെന്ന് ഇടയൻമാർ പറയുന്നു.