മലയാളികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകും,​ ഈ നഗരത്തിൽ ജീവിക്കണമെങ്കിൽ ലക്ഷങ്ങൾ പോരാതെ വരും

Thursday 22 January 2026 11:19 PM IST

ബംഗളുരുവിൽ ഒറു വീട് വീടകയ്ക്കെടുക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേർ പല തവണ കുറിച്ചിട്ടുണ്ട്. ചെറിയ അപ്പാർട്ട്മെന്റുകൾക്കും ഫ്ലാറ്റുകൾക്കും വരെ വൻവാടക നൽകേണ്ടി വരുന്നു എന്നതാണ് പലരുടെയും പരാതികളിലെ പ്രധാന വിഷയം. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഐ.ടി പ്രൊഫഷണലുകൾക്ക് പോലും വാടക ഒരുവെല്ലുവിളിയായി മാറിയിരിക്കുന്നു എന്ന കാര്യം വ്യക്തമാക്കുകയാണ് സോഫ്ട്‌വെയർ എൻജിനിയറായ യുവാവ്.

24കാരനായ ടെക്കി ബംഗളുരുവിലെ കടുബിസന ഹള്ളി എന്ന ഐ.ടി ഹബ്ബിന് സമീപമാണ് ഫ്ളാറ്റ് അന്വേഷിച്ചത്. ആഡംബരങ്ങളില്ലാത്ത സാധാരണ ഒരു സെമി ഫർണിഷ്ഡ് ഫ്ലാറ്റിന് ഉടമ ആവശ്യപ്പെട്ട മാസവാടക 70000 രൂപയാണെന്ന് യുവാവ് പറയുന്നു. വാടകയുടെ കാര്യത്തിൽ മുംബയെ തോൽപ്പിക്കുന്ന സ്ഥിതിയാണ് ബംഗളുരുവിലെന്ന് യുവാവ് എക്സിൽ കുറിച്ചു. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. വാടക മാത്രമല്ല പ്രശ്നമെന്നും 11 മാസത്തെ താമസത്തിന് ലക്ഷക്കണക്കിന് രൂപയുടെ അഡ്വാൻസും നൽകണമെന്ന് ഒരു ഉപയോക്താവ് എക്സിൽ ഓർ‌മ്മിപ്പിച്ചു. 2024ന് ശേഷം ബംഗളുരുവിലെ വാടക നിരക്കുകളിൽ ഉണ്ടായ കുതിപ്പ് ഐ.ടി ജീവനക്കാരുടെ നടുവൊടിക്കുകയാണെന്നാണ് വിമർശനം,​ ഐ.ടി കമ്പനികളുടെ അടുത്താണെന്ന പേരിൽ സൗകര്യങ്ങൾ കുറഞ്ഞ വീടുകൾക്കും ഫ്ലാറ്റുകൾക്കും ഉടമകൾ കൊള്ളവാടക ഈടാക്കുന്നതിന് എതിരെയാണ് വിമർശനം ഉയരുന്നത്. സിലിക്കൺ വാലി ശമ്പളം എല്ലാവർക്കും ലഭിക്കുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

ജോലിക്കായി നിരവധി മലയാളികളാണ് ബംഗളുരുവിൽ താമസിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് ബ്ലോക്കിന് പുറമെ ഉയർന്ന വാടകനിരക്ക് കൂടി നേരിടേണ്ട അവസ്ഥയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. അതേസമയം കിഴക്കൻ ബംഗളുരു ഒഴികെയുള്ള ചില പ്രദേശങ്ങളിൽ 2 ബി.എച്ച്.കെയുടെ ശരാശരി വാടക ഇപ്പോഴും 25000 രൂപയ്ക്കും 30000 രൂപയ്ക്കും ഇടയിലാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. വലിയ തുക കൊടുത്ത് ചെറിയ കുടുസു മുറികളിൽ താമസിക്കേണ്ട അവസ്ഥയിലാണ് ഐ.ടി ജീവനക്കാർ.