9മാസം പി​ന്നി​ട്ടി​ട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകൻ

Thursday 22 January 2026 11:41 PM IST

കുട്ടനാട് : കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവില നല്കാതെ മാസങ്ങളായി കർഷകനെ വട്ടംകറക്കി സപ്ളൈകോ. കഴിഞ്ഞ ദിവസം സപ്ളൈകോ ഓഫീസിൽ കുത്തിയിരുന്നിട്ടും പണം ലഭിക്കുന്നതിൽ തീരുമാനമാകാതിരുന്നതോടെ ഇന്നലെ വീണ്ടും പ്രതിഷേധവുമായി കർഷകനും ഭാര്യയുമെത്തി.

കൈനകരി കിഴക്ക് വാഴച്ചിറ വി.ആർ. ഉത്തമനാണ് ഭാര്യ സുനിതകുമാരിക്കുമൊപ്പം സപ്ളൈകോ ഓഫീസിലിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ സംഭരിച്ച 98 ക്വിന്റൽ നെല്ലിന്റെ വിലയായ മൂന്ന് ലക്ഷം രൂപയോളമാണ് ഉത്തമന് ലഭിക്കാനുള്ളത്. ഉത്തമൻ ഇന്നലെയും പണത്തെപ്പറ്റി പാഡി മാർക്കറ്റിംഗ് ഓഫീസറുമായി സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. പാടത്ത് നിന്നും നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ പാ‌ഡി മാർക്കറ്റിംഗ് ഓഫീസറും ഉത്തമനുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസമാണ് വിനയായത്. പിന്നീട് പി.ആർ .എസ് പോലും എഴുതാതെ കർഷകനെ വട്ടം കറക്കി.

കാത്തിരിപ്പ് 8മാസം പിന്നിട്ടു

പുളിങ്കുന്ന് കൃഷിഭവന് കീഴിലെ വടക്കേ മതികായൽ പാടശേഖരത്ത് ഉത്തമന് സ്വന്തമായുള്ള നാലേക്കറിൽ നിന്നു ലഭിച്ച വിളവ് കഴിഞ്ഞ ഏപ്രിൽ 5നാണ് എം.പി മോഡേൺ മിൽസും സപ്ളൈകോ അധികൃതരും ചേർന്ന് സംഭരിച്ചത്. നെല്ലിന്റെ കിഴിവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ പാടശേഖരത്ത് നിലനിന്നിരുന്നതിനാൽ മറ്റു കർഷകരുടെ നെല്ല് സംഭരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തമന്റെ നെല്ലെടുക്കാൻ മില്ലുകാർ തയ്യാറായിരുന്നില്ല. തുടർന്ന് ഉത്തമൻ സ്വന്തം ചിലവിൽ വള്ളവും മറ്റും സംഘടിപ്പിച്ച് നെല്ല് മുഴുവൻ നെടുമുടി കടവിലെത്തിച്ചശേഷം മില്ലിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. എന്നിട്ടും കൃത്യമായി പി. ആർ. എസ് എഴുതി നല്കുവാനോ സമയത്ത് പണം ലഭിക്കുമെന്ന് ഉറപ്പുവരുത്താനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ഉത്തമൻ ആരോപിച്ചു.