കായംകുളം നഗരസഭയിൽ ഫയൽ വിവാദം
കായംകുളം: സി.സി.ടിവി ഓഫാക്കി രാത്രിയിൽ കായംകുളം നഗരസഭയിൽ ചെയർമാന്റെയും എൻജിനിയറുടെയും മുറിയിൽ അഞ്ജാതർ കയറി ഫയൽതിരഞ്ഞ സംഭവം വിവാദത്തിൽ. സംഭവത്തെപ്പറ്റി സമഗ്ര അന്വേക്ഷണം വേണമെന്ന് ഭരണ കക്ഷിയായ യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും ആവശ്യപ്പെട്ടു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ടുള്ള ഫയലാണ് തിരഞ്ഞതെന്ന ചില നേതാക്കളുടെ പ്രസ്താവന കഴിഞ്ഞ ഭരണസമിതി കൊണ്ടുവന്ന ഈ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ നഗരസഭയിൽ രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളിനോട് ഇത് സംബന്ധിച്ച വിശദീകരണം തേടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ ഇത്തരമൊരു സംഭവത്തിൽ പുകമറ സൃഷ്ടിച്ച് ആരോപണമുന്നയിക്കാനാണ് യു.ഡി. എഫ് ഭരണനേതൃത്വം ശ്രമിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് നിർവഹിച്ചത്. അത് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശുചിത്വമിഷനുമായി ബന്ധപ്പെട്ട് അതിനുള്ള പരിഹാരം കാണുന്നതിനുള്ള ശ്രമം നടത്തുന്നതിന് പകരം എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടത്തിയ പ്രധാന പദ്ധതിയെ താറിക്കാനുള്ള ഗൂഢനീക്കം ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നതായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.കേശുനാഥ് പറഞ്ഞു.
സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൺവീനർ എ.എം കബീർ ആവശ്യപ്പെട്ടു.