പി.എം.എ.വൈ പദ്ധതി നീട്ടാൻ പ്രമേയം പാസാക്കി നഗരസഭ
ആലപ്പുഴ: ഭവന രഹിതരായ ആളുകൾക്ക് വീട് നൽകുന്ന പ്രധാൻ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി 2025 ഡിസംബർ 31ന് അവസാനിക്കുന്നതായി സർക്കാർ അറിയിപ്പ് ലഭിക്കുകയും നഗരത്തിൽ ഭാവനരഹിതരായ നിരവധി ആളുകൾ അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പദ്ധതിയുടെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കാക്കി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ആർ ആർ ജോഷി രാജ് അവതരിപ്പിച്ച പ്രമേയം ഡെപ്യൂട്ടി ലീഡർ എ.എം.നൗഫൽ പിൻതാങ്ങി. പി.എം.എ.വൈ പദ്ധതി തുടങ്ങിയ 2017 മുതൽ നഗരസഭ ഏറ്റെടുത്ത 3631 കുടുംബങ്ങളിൽ 540 പേരുടെ വീട് ഇതുവരെയും പൂർത്തിയായിട്ടില്ല. ഇവർ എല്ലാവരും ഉണ്ടായിരുന്ന വീട് പൊളിച്ച് പുതിയ വീടിന്റെ പണി തുടങ്ങി. എന്നാൽ പല കാരണങ്ങളാൽ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയുന്നില്ല. മാർച്ചിനകം പൂർത്തിയാക്കുന്നില്ലെങ്കിൽ ഇവർ കൈപ്പറ്റിയ പണം പലിശ സഹിതം തിരികെ കൊടുക്കേണ്ടി വരും.
എന്നാൽ പാവപ്പെട്ടവർക്ക് വീട് ലഭ്യമാക്കണമെന്നും അതിനായി സംസ്‌ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തിന്റെ ആവശ്യമില്ലെന്നും എൽ.ഡി.എഫ് കക്ഷി നേതാവ് വി.ജി.വിഷ്ണു പറഞ്ഞു. ധാരണാപത്രത്തിൽ ഒപ്പിട്ട് മുഴുവൻ പി.എം.എ.വൈ അപേക്ഷകർക്കും വീട് കിട്ടാൻ സഹായിക്കണമെന്നായിരുന്നു ബി.ജെ.പി അംഗങ്ങളുടെ നിലപാട്. തുടർന്നു ഏറെ നേരം വാഗ്വാദം നടന്നെങ്കിലും എൽ.ഡി.എഫ് അംഗങ്ങളുടെ എതിർപ്പിനെ തള്ളി പ്രമേയം പാസാക്കിയതായി ചെയർപഴ്‌സൻ മോളി ജേക്കബ് അറിയിച്ചു.
വഴിവിളക്കുകൾ സ്ഥാപിക്കും
ജില്ലാകോടതി പാലം നവീകരണത്തിന്റെ ഭാഗമായി നഗരചത്വരം വഴി അനുവദിച്ച താത്കാലിക റോഡിലും മുപ്പാലം മുതൽ ബീച്ച് വരെയുള്ള റോഡിലും അടിയന്തരമായി വഴി വിളക്കുകൾ സ്ഥാപിക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം.നൗഫൽ, സി.ജ്യോതിമോൾ, മായ രാജേന്ദ്രൻ, രശ്മി സനൽ, എസ്.ഫൈസൽ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ആർ.ആർ.ജോഷി രാജ്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.ജി. വിഷ്ണു, കൗൺസിലർമാരായ എം.കെ.നിസാർ, ഷോളി.സി.എസ്, ബീന കൊച്ചുബാവ, ജോസ്‌കുട്ടി.സി.പൂണിയിൽ, കെ.നൂറുദ്ധീൻ കോയ, ബേബി ലൂയിസ്, എം.ലൈല ബീവി, എ.ഷാനവാസ്, എ.എസ്.കവിത, ടി.ആർ.രാജേഷ്, ശ്രീജിത്ത്, ആർ.കണ്ണൻ മുനിസിപ്പൽ സെക്രട്ടറി എസ്.സനിൽ, മുനിസിപ്പൽ എൻജിനീയർ ഷിബു.എൽ.നാൽപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.