സംസ്ഥാന ടെക്നിക്കൽ കലോത്സവം, ഇനി കലാരവം
തൃശൂർ: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിന് തുടക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീണതിന് പിന്നാലെയാണ് നഗരി മറ്റൊരു കലോത്സവത്തിന് വേദിയാകുന്നത്. ഇന്നലെ സ്റ്റേജിതര മത്സരങ്ങളാണ് അരങ്ങേറിയത്. ഇന്ന് വിവിധ വേദികളിലായി ശാസ്ത്രീയ സംഗീതം , നാടൻപ്പാട്ട്, തിരവാതിരകളി, നാടോടി നൃത്തം,തായമ്പക, കോൽക്കളി തുടങ്ങി വിവിധ മത്സരങ്ങൾ നടക്കും. മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. 44 ടെക്നിക്കൽ സ്കൂളുകളിൽ നിന്ന് 1500 ഓളം കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്.
ഇന്നത്തെ മത്സരങ്ങൾ
വേദി 1 ഒന്ന് ടൗൺഹാൾ : ശാസ്ത്രീയ സംഗീതം( ആൺകുട്ടികൾ, പെൺകുട്ടികൾ) , നാടൻ പാട്ട് വേദി 2 സാഹിത്യ അക്കാഡമി : തിരുവാതിരകളി( പെൺകുട്ടികൾ), നാടോടി നൃത്തം,( ആൺകുട്ടികൾ, പെൺകുട്ടികൾ), സംഘനൃത്തം(പെൺകുട്ടികൾ)
വേദി 3 ടെക്നിക്കൽ സ്കൂൾ: ചെണ്ട, വയലിൻ, കോൽക്കളി.
വേദി 4 ടെക്നിക്കൽ സ്കൂൾ : മാപ്പിളപ്പാട്ട്( ആൺകുട്ടികൾ, പെൺകുട്ടികൾ)
വേദി 5 ടെക്നിക്കൽ സ്കൂൾ: വയലിൻ(വെസ്റ്റേൺ),ഗിറ്റാർ,ഓടക്കുഴൽ.
പോരാട്ടം മുറുകുന്നു
തൃശൂർ: ആദ്യ ദിനം സ്കൂളുകൾ തമ്മിലുള്ള പോരാട്ടം ആവേശത്തിലേക്ക്. മത്സര ഫലം പുറത്തുവന്നപ്പോൾ 15 പോയിന്റുകൾ വീതം നേടി അടിമാലി, ഇലഞ്ഞി ടെക്നിക്കൽ ഹൈസ്കൂളുകൾ ഒപ്പത്തിനൊപ്പമെത്തി. പുത്തൂർ, തൃശൂർ, കൊക്കൂർ, കൊടുങ്ങല്ലൂർ, നെടുമങ്ങാട്, ഷൊർണൂർ ടെക്നിക്കൽ സ്കൂളുകളും തൊട്ടുപിന്നിലുണ്ട്. 13 പോയിന്റുകൾ വീതമാണ് നേടിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ഫലമാണ് ഇന്നലെ പുറത്തു വന്നത്. ഇന്ന് വിവിധ വേദികളിലായി രാവിലെ മുതൽ തന്നെ മത്സരങ്ങൾ ആരംഭിക്കും. തിരുവാതിരക്കളി, സംഘനൃത്തം തുടങ്ങി പ്രധാന മത്സരങ്ങളും ഇന്ന് നടക്കും.
അച്ചടക്കവും കരുതലും ഉണ്ടാകും : ഡോ.ആർ.ബിന്ദു
തൃശൂർ: സങ്കുചിതമായ മത്സരബുദ്ധിയല്ല കലോത്സവങ്ങളിൽ വേണ്ടതെന്നും ആരോഗ്യകരമായ മത്സരങ്ങളാണ് ആവശ്യമെന്നും മന്ത്രി ഡോ.ആർ.ബിന്ദു. സംസ്ഥാന ടെക്നിക്കൽ കലോത്സവം തൃശൂരിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുപ്പം മുതൽ തന്നെ കലാരംഗത്തേക്ക് കടന്നുവരികയും പരിശീലനം നേടുകയും ചെയ്താൽ കുട്ടികളിൽ അച്ചടക്കവും കരുതലും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.