പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. ഒറ്റപ്പാലം സ്വദേശി രുദ്ര രാജേഷ് (17)ആണ് മരിച്ചത്. സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനെ തുടർന്നാണെന്ന് പരാതിയുമായി കുടുംബം രംഗത്തുവന്നു. മകളെ സീനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചെന്നും ഹോസ്റ്റൽ വാർഡന് എല്ലാ അറിയാമെന്നും രുദ്രയുടെ പിതാവ് രാജേഷ് പറഞ്ഞു. അതേസമയം, കുടുംബത്തിന്റെ ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് രുദ്രയെ സ്‌കൂളിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കു പരാതി നൽകി.
''കഴിഞ്ഞ വെള്ളിയാഴ്ച മകളെ വിളിച്ചിരുന്നു. ഇവിടെ റാഗിംഗ് കാരണം വലിയ ബുദ്ധിമുട്ടാണെന്ന് അവൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനോട് പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല. കഴിഞ്ഞദിവസം ഓടുന്നതിനിടെ സീനിയർ വിദ്യാർത്ഥിയുടെ മേൽ അബദ്ധത്തിൽ കൈത്തട്ടിപ്പോയതിന് സോറി പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു മർദിച്ചതെന്ന് മകൾ പറഞ്ഞു'' - രാജേഷ് പറഞ്ഞു. ഹോസ്റ്റൽ മെസിൽനിന്നു രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ മറ്റു വിദ്യാർldഥികളാണു രുദ്രയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
റാഗിങ്ങിനെ കുറിച്ച് കുട്ടിയോ കുട്ടിയുടെ മാതാപിതാക്കളോ ഒരുപരാതിയും അറിയിച്ചിട്ടില്ല. കുടുംബപ്രശ്നങ്ങളോ മറ്റോ ആകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്.