തിരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും വോട്ട് ചോരി
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി പ്രവർത്തകർക്കെതിരെ വോട്ട് ചോരി ആരോപണവുമായി കോൺഗ്രസ്. വോട്ടർ പട്ടികയിലും എസ്.ഐ.ആർ പ്രവർത്തനത്തിലും വീഴ്ചയുണ്ടായെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേര് നീക്കുന്നതിനായി ബി.ജെ.പി പ്രവർത്തകർ അന്യായമായി ഫോം ഏഴ് പ്രകാരം അപേക്ഷ നൽകിയെന്നും ടാജറ്റ് ആരോപിച്ചു. മരിച്ചെന്നും സ്ഥലം മാറിയെന്നും ആരോപിച്ച് പരാതി നൽകി ഒഴിവാക്കപ്പെട്ടവരിൽ പലരും ജീവിച്ചിരുപ്പുള്ളവരും സ്ഥലത്തുള്ളവരുമാണത്രെ. ഒഴിവാക്കാൻ നൽകിയ അപേക്ഷകൾ തെറ്റാണെന്ന് തെളിഞ്ഞതോടെ പരാതി പിൻവലിച്ച് പലരും മുങ്ങിയെന്നുമാണ് ഡി.സി.സി പ്രസിഡന്റിന്റെ ആരോപണം.
എസ്.ഐ.ആറിൽ പരാതിയെന്ന് സി.പി.എം
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിശോധന നടപടികളിൽ (എസ്.ഐ.ആർ) തങ്ങൾക്ക് പരാതി ഉണ്ടെന്ന് സി.പി.എം. എസ്.ഐ.ആർ നടപടികൾക്ക് വേഗമില്ല. അക്ഷയ സെന്ററുകളിൽ പോയാലും രേഖകൾ ചേർക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ വ്യക്തമാക്കി.
ആരോപണം കഴമ്പില്ലാത്തത്: ബി.ജെ.പി
അടിസ്ഥാനമുള്ള പരാതികൾ മാത്രമാണ് ബി.ജെ.പി നൽകിയിട്ടുള്ളതെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. ബി.ജെ.പിക്കാർ പരാതികൾ നൽകിയാലും ബൂത്ത് ലെവൽ ഏജന്റുമാർ പരിശോധിച്ച ശേഷമേ ഒഴിവാക്കപ്പെടുകയുള്ളൂ. ആ സ്ഥിതിക്ക് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വോട്ട് ചോരി ഇങ്ങനെ
തൃശൂരിലെ വോട്ടർ പട്ടികയിൽ സുരേഷ് ഗോപിക്കായി ക്രമക്കേട് നടത്തിയെന്നായിരുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ പ്രധാന ആരോപണം. വോട്ട് ചേർക്കുന്നതിനായി വ്യാജ സത്യവാങ്മൂലം സുരേഷ് ഗോപി നൽകിയെന്നാണ് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ പരാതിപ്പെട്ടത്. ഒരാൾക്ക് ഒരു മണ്ഡലത്തിൽ വോട്ട് ചേർക്കണമെങ്കിൽ ആറുമാസമെങ്കിലും അവിടെ താമസിച്ചിരിക്കണമെന്നാണ് നിയമം. എന്നാൽ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും ഉൾപ്പെടെ 11 പേർ മാനദണ്ഡം പാലിക്കാതെ വോട്ട് ചേർത്തെന്നാണ് പരാതി. കൂടാതെ, തൃശൂരിലെ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകളുടെയും വീടുകളുടെയും വിലാസത്തിൽ 60,000ത്തോളം പേരെ വ്യാജമായി വോട്ടർ പട്ടികയിൽ ചേർത്തെന്ന ആരോപണവും പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്നിരുന്നു.