ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന്റെ ഘോഷയാത്ര കാവി പതാകയേന്തി ഡെ. കമ്മിഷണർ; നടപടി വേണമെന്ന് കോൺ.
ബംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായോത്സവത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കമ്മിഷണർ ടി.കെ.സ്വരൂപ കാവി പതാകയേന്തിയതിൽ പ്രതിഷേധം. 18ന് ഷിരൂർ മഠാധിപതി വേദവർദ്ധന തീർത്ഥസ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് സ്വരൂപ പതാകയേന്തിയത്. സ്വരൂപയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നിയമമനുഷ്യാവകാശ സെൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഉഡുപ്പി ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ ആർ.എസ്.എസ് പതാകയാണ് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറിയതെന്ന് കത്തിൽ ആരോപിക്കുന്നു. എന്നാൽ താൻ ഔദ്യോഗിക പദവിയിലിരുന്ന് മാത്രമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും സ്വരൂപ വ്യക്തമാക്കി. മറ്റ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തതായും അറിയിച്ചു. 2026-28ൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഷിരൂർ മഠത്തിന് കൈമാറുന്നതിന്റെ ഭാഗമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.