സിഖ് കലാപം: രണ്ടുകേസുകളിൽ സജ്ജൻ കുമാറിനെ വെറുതെവിട്ടു

Friday 23 January 2026 12:56 AM IST

ന്യൂ‌ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാറിനെ ഡൽഹി റൗസ് അവന്യു കോടതി വെറുതെവിട്ടു. ഡൽഹിയിലെ ജനക്പുരിയിൽ രണ്ട് സിഖുകാരെ കൊലപ്പെടുത്തിയെന്നാണ് ഒരുകേസ്. വികാസ്‌പുരിയിൽ ഗുർചരൺ സിംഗ് എന്ന സിഖ് സമുദായംഗത്തെ തീകൊളുത്തി കൊന്നതാണ് രണ്ടാമത്തെ കേസ്. ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് നടപടി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് മതവിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. പാലം കോളനിയിൽ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് സജ്ജൻ കുമാർ.