തൂക്കുകയർ ശിക്ഷ അവസാനിപ്പിക്കണം: ഹർജി വിധി പറയാൻ മാറ്റി

Friday 23 January 2026 12:57 AM IST

ന്യൂഡൽഹി: രാജ്യത്ത് കുറ്റവാളികളെ തൂക്കിക്കൊല്ലുന്ന ശിക്ഷാരീതി അവസാനിപ്പിക്കണമെന്ന പൊതുതാത്പര്യഹർജിയിൽ വിധി പറയാൻ സുപ്രീംകോടതി മാറ്റി. വധശിക്ഷ കാത്തുകഴിയുന്നവർക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കണമെന്നാണ് ഹ‌ർജിയിലെ ആവശ്യം. വിഷം കുത്തിവയ്‌ക്കൽ തുടങ്ങിയവ പരിഗണിക്കണമെന്നും കൂട്ടിച്ചേർത്തു. തൂക്കിക്കൊല്ലുന്നത് പഴഞ്ചൻ രീതിയാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തെ കേന്ദ്രസർക്കാർ എതിർക്കുകയാണ്. വിഷയം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും,​ സമിതികൾ പരിശോധിച്ചു വരുന്നതായും അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയെ അറിയിച്ചിട്ടുണ്ട്.