അടിത്തറ ശക്തമാക്കാൻ സി.പി.എം നേതാക്കൾ ഒന്നാകെ വീടുകളിലേക്ക് കാസർകോട്ട് ഗൃഹസന്ദർശനത്തിന് സംസ്ഥാന സെക്രട്ടറിയും

Friday 23 January 2026 12:58 AM IST

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനകീയ അടിത്തറ ശക്തമാക്കാൻ സി.പി.എം നേതാക്കൾ ഒന്നാകെ വീടുകളിലേക്ക് എത്തുകയാണ്. സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർമാർ മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ള മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ഗൃഹസമ്പർക്കത്തിനായി ഇറങ്ങും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗൃഹസന്ദർശന പരിപാടിയെ വളരെ ഗൗരവമായാണ് പാർട്ടി നേതൃത്വം കാണുന്നത്.

വീടുവീടാന്തരം കയറിയിറങ്ങി എൽ.ഡി.എഫ് സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തുന്നതോടൊപ്പം അവർക്ക് പറയാനുള്ളത് കേൾക്കാനും സമയം കണ്ടെത്തുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച വിജയം കിട്ടാതെ പോയതിനെ തുടർന്നാണ് വീടുകൾ കയറാൻ സി.പി.എം തീരുമാനിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ അടക്കം വലിയ തിരിച്ചടി നേരിട്ടത് ഗൗരവതരമായാണ് കാണുന്നത്.

കേരളത്തിലാകെ യു.ഡി.എഫ് തരംഗം ഉണ്ടായപ്പോൾ കാസർകോട് ജില്ലയിൽ മാത്രമാണ് കോട്ടകൾ അധികം ഇളകാതെ സംരക്ഷിക്കാൻ സാധിച്ചത്. കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണവും നഗരസഭകളുടെയും അടക്കം ഭരണം നിലനിർത്താൻ കഴിഞ്ഞത് വലിയ നേട്ടമായി. അതിനാൽ തന്നെ കാസർകോട് ജില്ലയിലെ ഇടതുമുന്നണി നേതൃത്വത്തിനും സി.പി.എം നേതാക്കൾക്കും സംസ്ഥാനസമിതിയിൽ വലിയ അംഗീകാരമാണ് ലഭിച്ചത്. ഉത്തരേന്ത്യൻ മോഡലിൽ കേരളത്തിലെ ഗ്രാമങ്ങളിൽ ധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ആർ.എസ്. എസിന്റെ ഇടപെടലും പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളും ചെറുക്കാൻ ജനപിന്തുണ ഉറപ്പിക്കുക മാത്രമാണ് പോംവഴിയെന്ന് മുതിർന്ന സി.പി.എം നേതാക്കൾ പറയുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ബുധനാഴ്ച പടന്നയിലും കൊടക്കാടും ഗൃഹസന്ദർശന പരിപാടിയിൽ പ്രവർത്തകരുടെ കൂടെ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ ഉദുമയിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ മഞ്ചേശ്വരത്തും മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ നീലേശ്വരം, എളേരി എന്നിവിടങ്ങളിലും പി. ബിജു കയ്യൂർ, മടിക്കൈ എന്നിവിടങ്ങളിലും പ്രവർത്തകരുടെ കൂടെ കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾ കയറി ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറായി. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രൻ, എം.രാജഗോപാലൻ, സി.എച്ച് കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിലാണ് കാസർകോട്ടെ ഗൃഹസന്ദർശന പരിപാടി.