കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ
പൊൻകുന്നം: ഭൂമിയുടെ പോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ. കോട്ടയം ഇളംങ്ങുളം വില്ലേജ് ഓഫീസറും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ വിഷ്ണു ഒ.എൻ.എസിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങവേ കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ചിറക്കടവ് സ്വദേശിയായ വിഷ്ണു ഇളങ്ങുളം എസ്.എൻ.ഡി.പി ജംഗ്ഷനിൽ വാടകവീട്ടിലാണ് താമസം. ഇളംങ്ങുളം വില്ലേജിലുള്ള വസ്തു, പിൻതുടർച്ചാവകാശ പോക്കുവരവ് ചെയ്യാനുള്ള അപേക്ഷയിൽ നടപടിയെടുക്കാതെ വിഷ്ണു കൈക്കൂലി വാങ്ങുകയായിരുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസറായി താൽക്കാലികമായി വന്ന ഉദ്യോഗസ്ഥൻ ഫയലിലെ നടപടികൾ പൂർത്തീകരിച്ച് ഉത്തരവിനായി ഫയൽ വില്ലേജ് ഓഫീസർക്ക് കൈമാറിയെങ്കിലും ഫയൽ തടഞ്ഞുവച്ചു. പിന്നാലെ പരാതിക്കാരൻ വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ 1000 രൂപ വാങ്ങി. അടുത്തയാഴ്ച ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് പരാതിക്കാരൻ അറിയിച്ചപ്പോഴാണ് 2000രൂപ ആവശ്യപ്പെട്ടത്. പരാതിക്കാരൻ വിവരം കോട്ടയം വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കൈക്കൂലി വാങ്ങവേ വിഷ്‌ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാന്റിന്റെ പോക്കറ്റിൽ നിന്ന് പണം കണ്ടെടുത്തു. 500 രൂപയുടെ നാല് നോട്ടാണ് കൈക്കൂലിയായി കൈമാറിയത്. പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. വിജിലൻസ് ഈസ്റ്റേൺ റേഞ്ച് സൂപ്രണ്ട് ആർ.ബിനുവിന്റെ നിർദേശാനുസരണം കോട്ടയം യൂണിറ്റ് ഡി.വൈ.എസ്.പി വി.ആർ.രവികുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.