വിപണിയിൽ ചണ്ടി ചേർത്ത് കച്ചവടക്കാരുടെ കൃത്രിമം പ്രതിസന്ധിയിൽ എരിഞ്ഞ് കുരുമുളക് കർഷകർ

Friday 23 January 2026 2:58 AM IST

കോട്ടയം: കുരുമുളകിൽ,​ സത്തെടുത്ത കുരുമുളക് ചണ്ടി കലർത്തി വിറ്റ് വൻ കിട കച്ചവടക്കാർ വിപണിയിൽ നടത്തുന്ന കൃത്രിമം കർഷകർക്ക് തിരിച്ചടിയായി. ഇത്തവണ കുരുമുളക് ഉത്പാദനം കുറഞ്ഞതിനെ തുടർന്ന്, ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ കുരുമുളക് വിപണിയിൽ കൃത്രിമം വ്യാപകമായതോടെ കർഷർക്ക് ഉയർന്ന വില ലഭിക്കാനുള്ള സാഹചര്യം ഇല്ലാതായി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം ആണ് ഇത്തവണ ഉത്പാദനം കുറഞ്ഞത്. അപ്രതീക്ഷിത മഴയാണ് വില്ലനായത്. എന്നാൽ, ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. മുൻകൂട്ടി ഓർഡർ എടുത്ത വിതരണക്കാർ മതിയായ കുരുമുളക് ലഭിക്കാത്ത സാഹചര്യം മറികടക്കാൻ കയറ്റുമതി ചെയ്യുന്ന കുരുമുളകിൽ ചണ്ടികലർത്തി വിൽപന നടത്തുന്നത് വർധിച്ചതായാണ് കർഷകരുടെ ആരോപണം.

പൂഴ്ത്തിവയ്പ്പുകാരുടെ വിളയാട്ടം

കൊള്ളലാഭമുണ്ടാക്കാൻ പൂഴ്ത്തി വയ്പ്പ് നടത്തുന്നവർക്ക് എതിരെ കർശനപരിശോധന നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാതെ കയറ്റുമതി ചെയ്യുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഒരുങ്ങുകയാണ് കർഷകർ.

വില കിലോ‌യ്ക്ക് 692 രൂപയാണ് കുരുമുളകിന്റെ വിപണി വില. നിലവിലെ സാഹചര്യത്തിൽ 1000 രൂപവരെ വില എത്തേണ്ടതാണ്.

ചണ്ടി കലർത്തി യ കുരുമുളക് കയറ്റുമതി ചെയ്യുന്നത് വിദേശ വിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ സ്വീകാര്യത തകർക്കും.