പുതുയുഗ യോഗത്തിൽ 'കസേരകളിക്ക് ' കളമൊരുങ്ങി
കോട്ടയം: പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയുടെ ഒരുക്കങ്ങൾക്കായി 25ന് യു.ഡി.എഫ് കൺവീർ അടൂർ പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സിയിൽ നടക്കുന്ന യോഗത്തിൽ കോൺഗ്രസ് - കേരളാ കോൺഗ്രസ് സീറ്റ് തർക്കം ചർച്ചയാകും. യാത്ര മാത്രമാണ് അജണ്ടയെങ്കിലും സീറ്റ് മാറ്റം, സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാക്കാൻ ഇരുനേതൃത്വവും കരുക്കൾ നീക്കിത്തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മേൽക്കൈ നേടായതിന്റെ ആവേശത്തിൽ യാത്രയെ സ്വീകരിക്കാനാണ് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ തീരുമാനം. യാത്രയുമായി ബന്ധപ്പെട്ട് 'രാഷ്ട്രീയ സസ്‌പെൻസുകൾക്കുള്ള' സാദ്ധ്യതയും നേതൃത്വം ആരായുന്നുണ്ട്. ഈ സാഹചര്യത്തിൽ യോഗം നിർണായകമാണ്.
ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ കേരളാ കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കണമെന്നതാണ് കോൺഗ്രസിലെ പ്രധാന ആവശ്യം. ഇരുമണ്ഡലങ്ങളും സ്വപ്നം കണ്ട് കേരളാകോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ കുപ്പായം നെയ്യുന്നുണ്ട്. കോൺഗ്രസ് പ്രതിനിധികൾ ആവശ്യം ശക്തമാക്കുമ്പോൾ കേരളാ കോൺഗ്രസ് നേതാക്കൾ എതിർപ്പ് യു.ഡി.എഫ് കൺവീനറെ അറിയിച്ചേക്കും. ജില്ലയിലെയോ അയൽ ജില്ലയിലെയോ ചില സീറ്റുകളുമായി വച്ചുമാറ്റത്തിനുള്ള സാദ്ധ്യത, ചങ്ങനാശേരിയ്ക്കും ഏറ്റുമാനൂരിനും പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വിട്ടുനൽകൽ എന്നിവ ചർച്ചയാകും.
കസേര തേടി മോഹികളുടെ നിര
സീറ്റ് മോഹിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇത്തരം കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകണമെന്ന് ആഗ്രഹിക്കുന്നു. ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകൾ മോഹിച്ച് നിരവധി നേതാക്കളാണ് കരുക്കൾ നീക്കുന്നത്. ഇവരെല്ലാവരും, ഞായറാഴ്ച യോഗത്തിൽ സജീവമാകും. എ.ഐ.സി.സിയാണ് സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കുകയെങ്കിലും, മുന്നേ സംസ്ഥാന നേതാക്കളുടെ ഗുഡ്ബുക്കിൽ കയറിക്കൂടുകയെന്ന തന്ത്രം കൂടി പയറ്റുന്നുണ്ട്.