സ്ഥാനാർത്ഥി ചർച്ച സജീവം; പൊന്നാനിയും തവനൂരും ലക്ഷ്യമിട്ട് കോൺഗ്രസിൽ കരുനീക്കം

Friday 23 January 2026 3:06 AM IST

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെ കൃത്യമായ മുൻതൂക്കം നിയമസഭയിലും ആവർത്തിക്കുമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥിത്വത്തിനായി കരുനീക്കം ശക്തമാക്കി നേതാക്കൾ. 16 സീറ്റിൽ നാലിടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിൽ. പി.വി.അൻവർ യു.ഡി.എഫ് പാളയത്തിൽ എത്തിയതോടെ നിലമ്പൂർ സീറ്റ് കൂടുതൽ സുരക്ഷിതമായെന്ന വിലയിത്തലിലാണ് കോൺഗ്രസ്. വണ്ടൂരിലും കാര്യമായ വെല്ലുവിളിയില്ല. ഇരുയിടങ്ങളിലും സിറ്റിംഗ് എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാർ എന്നിവർ തന്നെ മത്സരിക്കും. തവനൂർ, പൊന്നാനി സീറ്റുകളിലേക്കാണ് നേതാക്കളുടെ നോട്ടം. സീറ്റ് വെച്ചുമാറലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് - മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തവനൂരും ഉൾപ്പെട്ടത് സീറ്റ് മോഹികളുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്തും തവനൂർ സീറ്റ് ലീഗ് ആവശ്യപ്പെട്ടിരുന്നു. അന്ന് ലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് കുന്നുംപറമ്പിലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. 2021ൽ തവനൂർ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് വിജയിക്കാനായിട്ടില്ല. മണ്ഡലത്തിൽ കോൺഗ്രസിനേക്കാൾ സാദ്ധ്യത തങ്ങൾക്ക് ആണെന്നാണ് മുസ്ലിം ലീഗിന്റെ വാദം. തവനൂർ വിട്ടുകൊടുത്താൽ മലപ്പുറത്ത് ആകെ മൂന്ന് സീറ്റുകളെ ഉണ്ടാവുകയുള്ളൂ എന്നതാണ് കോൺഗ്രസിന്റെ ആദി. ശക്തനായ സ്ഥാനാർത്ഥിയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാവും എന്ന വാദം കോൺഗ്രസിനുള്ളിലുണ്ട്.

മണ്ഡല രൂപീകരണശേഷം 2021ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രൻ കെ.ടി. ജലീലിനെതിരെ മുൻ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് 6,854 വോട്ടിനാണ് പരാജയപ്പെട്ടത്. ലീഗ് അണികൾക്കിടയിൽ അടക്കം കൂടുതൽ സ്വീകാര്യമായിരുന്നു അന്ന് കെ.ടി. ജലീൽ. 2016ൽ യൂത്ത് കോൺഗ്രസ് നേതാവ് പി.ഇഫ്ത്തിഖാറുദ്ദീനെ മത്സരിപ്പിച്ചപ്പോൾ 17,064 വോട്ടിനായിരുന്നു ജലീലിന്റെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിച്ചപ്പോൾ 2,185 വോട്ടിന് കിതച്ചാണ് ജലീൽ വിജയിച്ചുകയറിയത്. വീണ്ടും ജലീലെങ്കിൽ നാലാം മത്സരമാവും. ഇക്കാര്യത്തിലെ സി.പി.എം അണികൾക്കിടയിലെ അസംതൃപ്തിയും കോൺഗ്രസ് മുന്നിൽകാണുന്നുണ്ട്. തവനൂരിൽ സംസ്ഥാനതല നേതാവിനെ മത്സരിപ്പിക്കണമെന്നും നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ ശക്തമാണ്. തവനൂരിൽ പേരുയർന്ന സന്ദീപ് വാര്യർ റവന്യൂ മന്ത്രി കെ.രാജന്റെ മണ്ഡലമായ തൃശൂരിലെ ഒല്ലൂരിൽ മത്സരിക്കാനുള്ള സാദ്ധ്യതയും തെളിയുന്നുണ്ട്. പാലക്കാട്ടെ പട്ടികയിലും സന്ദീപ് വാര്യരുണ്ട്.

മുന്നിൽ അജയ്‌മോഹനും നൗഷാദലിയും

പൊന്നാനിയിൽ പ്രാദേശികമായി വേരുള്ള സ്ഥാനാർത്ഥിയെ മത്സിപ്പിക്കണമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആവശ്യം. പി.ടി. അജയ്‌മോഹന്റെ പേര് ഉയരുന്നുണ്ട്. ഹാരിസ് മുതൂർ, ഡോ. ഹരിപ്രിയ, എ.എം. രോഹിത് എന്നിവരും സാദ്ധ്യത ലിസ്റ്റിലുണ്ട്. ജില്ലയിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചാൽ ജില്ലാ യു.ഡി.എഫ് ചെയർമാൻ കൂടിയായ പി.ടി.അജയ് മോഹനാവും നറുക്കുവീഴുക. 2016ലും 2011ലും പൊന്നാനിയിൽ മത്സരിച്ചിട്ടുണ്ട് അജയ് മോഹൻ. 2011ൽ പി.ശ്രീരാമകൃഷ്ണനെതിരെ മത്സരം കടുപ്പിക്കാനായി. 4,101 വോട്ടിൽ ഒതുങ്ങി ഇടതിന്റെ വിജയം.

പൊന്നാനിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.പി. നൗഷാദ് അലി സാദ്ധ്യത ലിസ്റ്റിൽ മുൻനിരയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല വലത്തോട്ട് ചാഞ്ഞപ്പോൾ ഇടതിന് കാര്യമായ പരിക്കേൽക്കാത്തത് പൊന്നാനിയിലാണ്. നിയമസഭാ മണ്ഡല പരിധിയിൽ 1,612 വോട്ടിന്റെ ഭൂരിപക്ഷമേ യു.ഡി.എഫിനുള്ളൂ. സംസ്ഥാനത്ത് യു.ഡി.എഫിനുള്ള രാഷ്ട്രീയ അനുകൂല സാഹചര്യത്തിനൊപ്പം പൊന്നാനിയിലെ സി.പി.എമ്മിനുള്ളിലെ അസ്വാരസ്യങ്ങളും സിറ്റിംഗ് എം.എൽ.എയ്‌ക്കെതിരായ വികാരവും കൂടിയാവുന്നതോടെ 5,000ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് പൊന്നാനി പിടിച്ചെടുക്കാനാവുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കുറച്ചുകാലമായി പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കിയതും കെ.പി. നൗഷാദ് അലിക്ക് നറുക്കുവീഴാൻ വഴിയൊരുക്കിയേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി അടുത്ത ബന്ധവും നൗഷാദലിക്കുണ്ട്.