കള്ളൻമാരുടെ കുടിയേറ്റം, ഭീതിയിൽ നാട്
കോട്ടയം: ക്രിമിനൽ പ്രവർത്തങ്ങൾ കൂടിയ ജില്ലകളിൽ പൊലീസ് നിരീക്ഷണം ശക്തമായതോടെ കാര്യമായ പ്രശ്നങ്ങളില്ലാത്ത കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേയ്ക്ക് മോഷ്ടാക്കളുടെ കുടിയേറ്റം. അന്യസംസ്ഥാനത്ത് നിന്ന് അടക്കമുള്ള ക്രിമിനൽ സംഘങ്ങളാണ് ഈ ജില്ലകളിൽ സമീപകാലത്തുണ്ടായ മോഷണങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കോട്ടയം റബർ ബോർഡ് ക്വാർട്ടേഴ്സിലെ മോഷണത്തിനും സമീപ ജില്ലകളിലെ മോഷണത്തിനും ഒരേ സ്വഭാവമാണന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്ന ജില്ലകളിൽ പൊലീസ് പരിശോധന കൂടിയതും സംഘത്തലവൻ മാർ അകത്തായതും മോഷണ ശ്രമങ്ങൾ പരാജയപ്പെട്ടതും അടക്കമുള്ള കാരണങ്ങളാണ് ഉത്തരേന്ത്യൻ സംഘങ്ങളടക്കം താവളം മാറ്റുന്നതിന് പിന്നിൽ. കൃത്യമായ ലക്ഷ്യത്തോടെ ഒത്തുകൂടി നിരീക്ഷണം ശക്തമാക്കി അനുകൂലമായ ദിവസം ഓപ്പറേഷൻ നടത്തി മുങ്ങുകയുമാണ്. അന്വേഷണം ശക്തമാകുമ്പോഴേയ്ക്കും താവളങ്ങളിൽ ഒളിച്ചിട്ടുണ്ടാവും. താവള ങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്തുക അത്ര എളുപ്പവുമല്ല. ഈ സാഹചര്യത്തിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പ്രധാന ലക്ഷ്യം സ്വർണം
പണത്തേക്കാൾ കൂടുതൽ സ്വർണം ലക്ഷ്യമാക്കുകയാണ് മോഷ്ടാക്കൾ.
പണം മാറാനുള്ള സൗകര്യമുണ്ടെങ്കിലും സ്വർണത്തിന്റെ വില വർദ്ധിച്ചതാണ് മോഷ്ടാക്കളുടെ കണ്ണുമഞ്ഞളിക്കാൻ കാരണം.
വിൽക്കുന്നതിൽ റിസ്കുണ്ടെങ്കിലും ഉരുക്കാനും വിൽക്കാനും പ്രത്യേക സംഘങ്ങളുണ്ട്. അ
ടുത്തിടെയുണ്ടായ മറ്റ് മോഷണക്കേസുകളിൽ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സ്ഥലവും പരിസരവും മാസങ്ങൾക്കൊണ്ട് നിരീക്ഷിക്കും
കൃത്യം നടത്താൻ പ്രത്യേക സംഘം, പരസ്പരം കാണുന്നത് പോലും ഏറ്റവും ഒടുവിൽ
കൊള്ളമുതൽ കൈമാറിയാൽ പലവഴിക്ക് പിരിയും, പ്രതിഫലം കൈകളിലെത്തും
തുമ്പില്ലാതെ പൊലീസ്
റബർ ബോർഡ് ക്വാർട്ടേഴ്സ് മോഷണത്തിൽ പൊലീസിന് യാതൊരു തുമ്പുമില്ല.
അന്യസംസ്ഥാനക്കാരെന്ന് ഉറപ്പിച്ച് മുന്നോട്ടുപോവുകയാണ്.
സമീപ ജില്ലകളിലുണ്ടായ കവർച്ചയുമായുള്ള സാമ്യവും ബന്ധവും ഉറപ്പിച്ചിട്ടുണ്ട്.