ട്രംപിന്റെ സമാധാന ബോർഡിന് ഔദ്യോഗിക തുടക്കം  ഗ്രീൻലൻഡിന്റെ പേരിലെ തീരുവ പിൻവലിച്ചു

Friday 23 January 2026 7:13 AM IST

ജനീവ: താൻ ആവിഷ്കരിച്ച അന്താരാഷ്ട്ര സംഘടനയായ 'സമാധാന ബോർഡി"നെ (ബോർഡ് ഒഫ് പീസ്) ഔദ്യോഗികമായി സ്ഥാപിച്ചും ഗ്രീൻലൻഡിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ സജീവമാക്കിയും ലോക സാമ്പത്തിക ഉച്ചകോടിയിൽ ആധിപത്യം സ്ഥാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

സ്വിറ്റ്സർലൻഡിലെ ദാവോസിലെ ഉച്ചകോടിയെ അഭിസംബോധന ചെയ്ത ട്രംപ്, സമാധാന ബോർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗാസയുടെ പുനർ നിർമ്മാണവും സുരക്ഷയും ലക്ഷ്യമിട്ടാണ് ആവിഷ്കരിച്ചതെങ്കിലും, സംഘടന മറ്റ് ആഗോള സംഘർഷങ്ങളിൽ ഇടപെടുമെന്ന് ട്രംപ് വ്യക്തമാക്കി. 20ലേറെ രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായി ചാർട്ടറിൽ ഒപ്പുവച്ചു.

അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കളും സൗദി അറേബ്യ, ഈജിപ്റ്റ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

ഐക്യരാഷ്ട്ര സഭയ്ക്ക് (യു.എൻ) ബദലായിട്ടാണ് ട്രംപ് ചെയർമാനായ സമാധാന ബോർഡിനെ വിലയിരുത്തുന്നത്. 60ഓളം രാജ്യങ്ങളെ ട്രംപ് ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബോർഡ് യു.എൻ തത്വങ്ങളെ അട്ടിമറിച്ചേക്കാമെന്ന് ആശങ്കയുണ്ട്. ഇന്ത്യ, ചൈന, യു.കെ,​ ജർമ്മനി,​ ഫ്രാൻസ്, റഷ്യ, യുക്രെയിൻ തുടങ്ങിയ രാജ്യങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യയും ചൈനയും ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല. യു.കെ, ഫ്രാൻസ്, ജർമ്മനി എന്നിവർ ബോർഡിൽ ചേരില്ലെന്ന് അറിയിച്ചു.

ഇസ്രയേൽ ട്രംപിന്റെ ക്ഷണം സ്വീകരിച്ചു. എന്നാൽ, പാകിസ്ഥാൻ, ഖത്തർ, തുർക്കി എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തിയതിനോട് അവർക്ക് വിയോജിപ്പുണ്ട്. മൂന്ന് വർഷമാണ് ബോർഡിലെ അംഗരാജ്യങ്ങളുടെ കാലാവധി. 100 കോടി ഡോളർ നൽകിയാൽ (ഗാസയുടെ പുനർ നിർമ്മാണത്തിന് വിനിയോഗിക്കും) സ്ഥിരാംഗത്വം നേടാം. ഇത് നൽകാൻ തയ്യാറാണെന്ന് ഒരു രാജ്യവും അറിയിച്ചിട്ടില്ല.

 ഗ്രീൻലൻഡ് : കരാറെന്ന് ട്രംപ്

ഗ്രീൻലൻഡ് വിഷയത്തിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ചർച്ച നടത്തിയ ട്രംപ്, ഭാവി കരാറിന്റെ ചട്ടക്കൂട് ആവിഷ്കരിച്ചെന്ന് അവകാശപ്പെട്ടു. ഗ്രീൻലൻഡിലേക്ക് യു.എസിന് പൂർണവും സ്ഥിരവുമായ പ്രവേശനം ഉറപ്പാക്കിയെന്നും ഗ്രീൻലൻഡിനെ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ഗ്രീൻലൻഡ് പദ്ധതിയെ എതിർക്കുന്നതിന്റെ പേരിൽ യു.കെ, ഫ്രാൻസ് അടക്കം എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം അധിക തീരുവ ട്രംപ് പിൻവലിച്ചു.

ആർട്ടികിൽ നാറ്റോയുടെ സാന്നിദ്ധ്യം കൂട്ടുക, മേഖലയിലെ ധാതു സമ്പത്തിലേക്കുള്ള യു.എസ് പ്രവേശനം, യു.എസിന്റെ ഗോൾഡൻ ഡോം വ്യോമപ്രതിരോധ പദ്ധതിയിലെ സഹകരണം തുടങ്ങിയവ ട്രംപ് റൂട്ടെയുമായി ചർച്ച ചെയ്തെന്ന് പറയുന്നു.

അതേ സമയം, ഗ്രീൻലൻഡിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദ്വീപിന്റെ നിയന്ത്രണമുള്ള ഡെൻമാർക്ക്. ഗ്രീൻലൻഡിന്റെ പരമാധികാരം ട്രംപുമായി ചർച്ച ചെയ്തില്ലെന്നും പകരം, മേഖലയുടെ സുരക്ഷയാണ് സംസാരിച്ചതെന്നും റൂട്ടെയും പറഞ്ഞു.

# യു.എസ് 'സാമ്പത്തിക എൻജിൻ"

യു.എസ് ലോകത്തിന്റെ 'സാമ്പത്തിക എൻജിൻ" ആണെന്ന് ട്രംപ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം താൻ തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട ട്രംപ്, യൂറോപ്പിന്റെ ഹരിത ഊർജ്ജ നയങ്ങളെ പരിഹസിച്ചു. യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഗ്രീൻലൻഡിനെ 'ഐസ്‌ലൻഡ് " എന്ന് പറഞ്ഞ് ഒന്നിലേറെ തവണ നാക്കുപിഴ ആവർത്തിച്ചു.

# മോദി മികച്ച നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവും തന്റെ അടുത്ത സുഹൃത്തുമാണെന്ന് ട്രംപ്. ഇന്ത്യയുമായി ഒരു വ്യാപാര കരാറിൽ എത്തിച്ചേരാനാകുമെന്ന പറഞ്ഞ ട്രംപ്,​ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന വാദവും ആവർത്തിച്ചു.