ശ്രീലങ്കയുടെ സ്വന്തം പർപ്പിൾ നക്ഷത്രം

Friday 23 January 2026 7:21 AM IST

കൊളംബോ: ലോകത്തെ ഏറ്റവും വലിയ പർപ്പിൾ സ്റ്റാർ സഫയറായ ' സ്റ്റാർ ഒഫ് പ്യുവർ ലാൻഡ്" ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ പ്രദർശനത്തിനെത്തി. 3,563 കാരറ്റ് ഭാരമുള്ള ഈ അപൂർവ്വ രത്നകല്ലിന് ഏകദേശം 30 കോടി ഡോളറാണ് മൂല്യം കണക്കാക്കുന്നത്. മനോഹരമായ ഉരുണ്ട ആകൃതിയുള്ള ഈ രത്നത്തെ വില്പനയ്ക്കായാണ് എത്തിച്ചിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാൽ നിലവിലെ ഉടമകളെ പരസ്യപ്പെടുത്തിയിട്ടില്ല. ഇന്ദ്രനീലക്കല്ലുകളിൽ ഏറ്റവും അപൂർവ്വമായ വകഭേദമാണ് സ്റ്റാർ സഫയറുകൾ. നേരിട്ടുള്ള പ്രകാശ സ്രോതസ്സിൽ നിന്ന് വീക്ഷിക്കുമ്പോൾ സ്റ്റാർ സഫയറുകളുടെ ഉപരിതലത്തിൽ ആസ്റ്ററിസം എന്നറിയപ്പെടുന്ന ഒരു നക്ഷത്ര സമാന പ്രഭാവം കാണാനാകും. സ്റ്റാർ ഒഫ് പ്യുവർ ലാൻഡിന്റെ ഉപരിതലത്തിൽ ആറ് പ്രകാശരശ്മികളോട് കൂടിയ നക്ഷത്ര രൂപം വ്യക്തമായി കാണാം. 2023ൽ ശ്രീലങ്കയിൽ രത്നങ്ങൾക്ക് പേരുകേട്ട രത്നപുര പട്ടണത്തിലെ ഒരു ഖനിയിൽ നിന്നാണ് സ്റ്റാർ ഒഫ് പ്യുവർ ലാൻഡിനെ ലഭിച്ചത്. രത്നത്തിന്റെ അപൂർവ്വ സ്വഭാവം മനസിലാക്കിയതോടെ ഉടമകൾ അതിനെ വിശദ പരിശോധനകൾക്ക് വിധേയമാക്കി. രണ്ട് ലബോറട്ടറികളിൽ നിന്ന് അംഗീകാരം നേടിയ ശേഷമാണ് സ്റ്റാർ ഒഫ് പ്യുവർ ലാൻഡിനെ ലേലത്തിന് എത്തിച്ചിരിക്കുന്നത്. അതുല്യമായ നിറം, തിളക്കം, വ്യക്തത എന്നിവയ്ക്ക് പേരുകേട്ടതാണ് ശ്രീലങ്കൻ ഇന്ദ്രനീലക്കല്ലുകൾ.