വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി; സാഹിത്യ പരിപാടിക്കിടെ സംഘർഷം
ചെന്നൈ: സാഹിത്യപരിപാടിക്കിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനുനേരെ ചെരിപ്പേറ്. തിരുപ്പൂരിൽ ഇന്നലെ നടന്ന പരിപാടിക്കിടെയാണ് സംഭവം. ജില്ലാ കളക്‌ടറുടെ ഓഫീസിൽ നടന്ന കൊംഗു കാലായ് സാഹിത്യ കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു വൈരമുത്തു.
പരിപാടി നടക്കുന്നതിനിടെ വൈരുമുത്തുവിന് നേരെ ചെരിപ്പ് എറിയുകയായിരുന്നു. എന്നാൽ ഇത് കാണികൾക്കിടെയാണ് വീണത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയും ചെരിപ്പെറിഞ്ഞത് ഒരു യുവതിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് പറയുന്നത്. ചെരിപ്പേറിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
നേരത്തെ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി 'മി ടൂ' ആരോപണം ഉന്നയിച്ചത് ഏറെ വിവാദമായിരുന്നു. സ്വിറ്റ്സർലൻഡിൽ സംഗീത പരിപാടിക്കിടെ വൈരമുത്തു മോശമായി പെരുമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. വൈരമുത്തുവിന് എതിരെ 17 പേരാണ് അന്ന് രംഗത്തു വന്നത്. എന്നാൽ ആരോപണങ്ങൾ എല്ലാം കള്ളം എന്നായിരുന്നു വൈരമുത്തുവിന്റെ മറുപടി. മഹാനായ എഴുത്തുകാരനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം എന്നാരോപിച്ച് വൈരമുത്തു ആരാധകർ അഴിച്ചുവിട്ട ആക്രമണങ്ങളും ചിന്മയി നേരിട്ടിരുന്നു.