'പലാഷ് മുച്ചൽ 40 ലക്ഷം രൂപ തട്ടിയെടുത്തു'; ആരോപണവുമായി നടൻ

Friday 23 January 2026 11:32 AM IST

മുംബയ്: സംഗീതസംവിധായകനും ചലച്ചിത്രനിർമ്മാതാവുമായ പലാഷ് മുച്ചൽ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. ചലച്ചിത്ര നിർമ്മാതാവും നടനുമായ വിദ്യൻ മാനെയാണ് പരാതി നൽകിയത്. ചൊവ്വാഴ്‌ചയാണ് മാനെ മഹാരാഷ്‌ട്രയിലെ സിംഗ്ലി പൊലീസിൽ പരാതി നൽകിയത്.

പരാതിപ്രകാരം 2023 ഡിസംബർ അഞ്ചിന് വിദ്യൻ മാനെ പലാഷുമായി സാംഗ്ലിയിൽ കൂടിക്കാഴ്‌ച നടത്തി. ചലച്ചിത്രനിർമ്മാണത്തിൽ പണം നിക്ഷേപിക്കാൻ മാനെ താൽപര്യം പ്രകടിപ്പിച്ചു. ഇതോടെ തന്റെ വരാനിരിക്കുന്ന പ്രൊജക്‌ട് 'നസാരിയ'യിൽ ഒപ്പം പ്രവർത്തിക്കാനും പണം നിക്ഷേപിക്കാനും പലാഷ് ആവശ്യപ്പെട്ടു. ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്‌താൽ 25 ലക്ഷം മുതൽ മുടക്കിൽ 12 ലക്ഷം രൂപ ലാഭം നേടാൻ കഴിയുമെന്ന് പലാഷ് വിശ്വസിപ്പിച്ചു. കൂടാതെ സിനിമയിൽ ഒരു വേഷം വാഗ്‌ദാനം ചെയ്‌തതായും പരാതിയിൽ ആരോപിക്കുന്നു.

ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ഇതിനുശേഷവും ഇരുവരും കണ്ടുമുട്ടി. 2025 മാർച്ച് വരെ ആകെ 40 ലക്ഷം രൂപ പലാഷിന് നൽകിയതായാണ് പരാതിയിൽ ആരോപിക്കുന്നത്. എന്നാൽ പലാഷ് വാഗ്‌ദാനം ചെയ്‌ത പ്രകാരമുള്ള പദ്ധതികളൊന്നും ആരംഭിച്ചില്ല. അതിനാൽ പണം തിരികെ ആവശ്യപ്പെട്ടിട്ടും തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് മാനെ പറയുന്നു. തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സാംഗ്ലി പൊലീസ് വ്യക്തമാക്കി.