ജയിലിലെ പ്രണയം; കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു, നടത്തിയത് അതിക്രൂര കൊലപാതകങ്ങൾ
ജയ്‌പൂർ: ജയിലിൽവച്ച് കണ്ടുമുട്ടിയ കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയാളെ കൊലപ്പെടുത്തിയ പ്രിയ സേഠും അഞ്ചുപേരെ കൊന്ന ഹനുമാൻ പ്രസാദുമാണ് ആൽവാറിലെ ബറോഡാമേവിൽ ഇന്ന് വിവാഹിതരാകുന്നത്. വിവാഹത്തിനായി ഇരുവർക്കും 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരിക്കുകയാണ് രാജസ്ഥാൻ ഹൈക്കോടതി.
ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ദുഷ്യന്ത് ശർമ്മയെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മോഡൽ കൂടിയായ ആയ പ്രിയ സേഠിന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. സാങ്കനീർ ജയിലിലാണ് പ്രിയയെ പാർപ്പിച്ചിരിക്കുന്നത്. ആറുമാസം മുൻപാണ് ഇതേ ജയിലിൽവച്ച് പ്രിയ പ്രസാദിനെ കണ്ടുമുട്ടുന്നത്. ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
2018 മേയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാമുകനായ ദിക്‌ഷാന്ത് കമ്രയും മറ്റൊരാളും ചേർന്ന് ദുഷ്യന്ത് ഷർമ്മയെ പ്രിയ കൊലപ്പെടുത്തുകയായിരുന്നു. കമ്രയുടെ കടങ്ങൾ വീട്ടാനായി ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രിയയുടെ പ്ളാൻ. ടിൻഡർ ആപ്പിലൂടെ പരിചയപ്പെട്ട ശർമ്മയെ സംഭവദിവസം പ്രിയ ബജാജ് നഗറിലെ ഫ്ളാറ്റിലേയ്ക്ക് വിളിച്ചുവരുത്തി. തുടർന്ന് ശർമ്മയെ തടവിലാക്കി പിതാവിൽ നിന്ന് പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ ശർമ്മയുടെ പിതാവിന് മൂന്ന് ലക്ഷം രൂപയെ നൽകാൻ സാധിച്ചുള്ളൂ. പണം ലഭിച്ചുവെങ്കിലും ശർമ്മയെ മോചിപ്പിച്ചാൽ പൊലീസ് തങ്ങളെ തേടിയെത്തുമെന്ന് പ്രിയയും കമ്രയും ഭയന്നു.
പിന്നാലെ അറസ്റ്റ് ഭയന്ന് പ്രിയയും കാമുകനും സുഹൃത്ത് ലക്ഷ്യ വാലിയയും ചേർന്ന് ശർമ്മയെ കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്‌കേസിലാക്കി ആമർ കുന്നിൽ ഉപേക്ഷിക്കുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനായി ശർമ്മയുടെ മുഖം പ്രതികൾ വികൃതമാക്കി. തെളിന് നശിപ്പിക്കാനായി ഫ്ളാറ്റും വൃത്തിയാക്കി. മേയ് മൂന്നിനാണ് ശർമ്മയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പിന്നാലെ പ്രതികളെ പ്രിയയുടെ ഫ്ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തന്നെക്കാൾ പത്ത് വയസ് മുതിർന്ന കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രസാദ് ജയിൽശിക്ഷ അനുഭവിക്കുന്നത്. പ്രസാദിന്റെ കാമുകി സന്തോഷ് ആൽവാറിൽ തായ്‌ക്വോണ്ടോ താരമായിരുന്നു. 2017 ഒക്ടോബർ രണ്ടിന് രാത്രി ഭർത്താവിനെ കൊലപ്പെടുത്താൻ സന്തോഷ് പ്രസാദിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രസാദ് ഒരു സുഹൃത്തുമൊത്ത് അവിടെയെത്തി. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കാമുകിയുടെ ഭർത്താവ് ബൻവാരി ലാലിനെ കൊലപ്പെടുത്തി.
ഇതിനിടെ സന്തോഷിന്റെ മൂന്ന് കുട്ടികളും അവരോടൊപ്പം താമസിച്ചിരുന്ന ഒരു ബന്ധുവും ശബ്ദംകേട്ട് ഉണരുകയും കൊലപാതകം കാണുകയും ചെയ്തു. പിടിക്കപ്പെടുമെന്ന് ഭയന്ന യുവതി തന്റെ മക്കളെയും ബന്ധുവിനെയുമടക്കം കൊല്ലാൻ ആവശ്യപ്പെട്ടു. തുടർന്ന് സന്തോഷ് നാല് കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു.