കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങൾ നിങ്ങൾ ഓടിക്കാറുണ്ടോ? 5000 പിഴകിട്ടാൻ സാദ്ധ്യതയേറെയാണ്

Friday 23 January 2026 11:56 AM IST

ചില സമയങ്ങളിൽ നമുക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാഹനങ്ങൾ ഓടിക്കേണ്ടിവരും. വാഹനമോടിക്കുന്നവർക്ക് സാധുവായ ലൈസൻസ് ഉണ്ടെങ്കിൽ ഇതിന് കഴിയുമെന്നായിരിക്കും ഒട്ടുമുക്കാൽപ്പേരും കരുതുന്നത്. നിയമപരമായി ഇക്കാര്യം ശരിയുമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പണികിട്ടുമെന്നുറപ്പ്.

മറ്റൊരാളുടെ വാഹനം ഓടിക്കേണ്ടിവരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറഞ്ഞല്ലോ. അക്കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഡ്രൈവ് ചെയ്യുന്നയാളുടെ പേരിൽ രജിസ്റ്റർചെയ്യപ്പെടാത്ത വാഹനം ഓടിക്കുമ്പോൾ വാഹന ഉടമയുടെ സമ്മപത്രമാണ് ഒന്നാമതായി വേണ്ടത്. ഡ്രൈവർ ഓതറൈസേഷൻ ലെറ്റർ (ഡി എ എൽ) എന്നാണ് ഇത് അറിയപ്പെടുന്നത്. തന്റെ ഉടമസ്ഥതയിലുള്ള വാഹനം ഓടിക്കാൻ ഡ്രൈവർക്ക് നിയമപരമായി നൽകുന്ന അനുമതി പത്രമാണിത്. മ​റ്റൊരാളുടെ കാറോ ബൈക്കോ ഓടിക്കുമ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പൊലീസോ പരിശോധനയുടെ ഭാഗമായി വാഹനം തടഞ്ഞുനിർത്തുകയാണെങ്കിൽ, വാഹനം മോഷ്ടിച്ചതല്ലെന്നും ഉടമയുടെ സമ്മതത്തോടെയാണ് ഉപയോഗിക്കുന്നതെന്നും തെളിയിക്കാൻ ഈ കത്ത് സഹായിക്കും.

ഇത്തരത്തിലുള്ള അനുമതിപത്രമില്ലാതെ മറ്റൊരാളുടെ വാഹനമോടിക്കുന്നത് 1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 197 പ്രകാരം (അധികാരമില്ലാതെ വാഹനം കൊണ്ടുപോകുന്നത്) കുറ്റകരമാണ്. കേസായാൽ തടവോ 5000രൂപ പിഴയോ ലഭിച്ചേക്കാം. നിയമം പറയുന്നത് ഇങ്ങനെയാണെങ്കിലും പ്രാദേശിക യാത്രകളിൽ ഇതൊന്നും ആരും ചോദ്യംചെയ്യാറില്ല.എന്നാൽ സംസ്ഥാന അതിർത്തികടന്ന് യാത്രചെയ്യുമ്പോൾ ഇതെല്ലാം കാണിക്കേണ്ടിവരും. മോഷണം, നിയമവിധേയമല്ലാത്ത യാത്ര എന്നിവ തടയിടാനാണ് ഇതെല്ലാം വ്യക്തമായി പരിശോധിക്കുന്നത്. പ്രാദേശിക യാത്രകളിൽ ഈ രേഖ ആരും ചോദിക്കില്ലെങ്കിലും അനുവാദം നൽകുന്ന കത്ത് കൈവശം കരുതിയിരുന്നാൽ തർക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് ഒഴിവാക്കാനും യാത്ര ആയാസ രഹിതമാക്കാനും സഹായിക്കും.

സ്വകാര്യ ആവശ്യത്തിനായി മറ്റൊരാളുടെ വാഹനം ഉപയോഗിക്കേണ്ടിവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ പറഞ്ഞത്. ഇനി വാണിജ്യ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെങ്കിൽ നമ്പർ പ്ലേറ്റിലെ നിറത്തിലടക്കം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാതുള്ളതെല്ലാം നിയമലംഘനമായി കണക്കാക്കും.

ഡ്രൈവർ ഓതറൈസേഷൻ ലെറ്റർ സ്വന്തം കൈപ്പടയിൽ എഴുതിയോ ഓൺലൈനായോ ആവശ്യക്കാർക്ക് നേടാനാവും. തീയതി, സ്ഥലം, വാഹനത്തിന്റെയും ഉടമയുടെയും പൂർണമായ വിശദാംശങ്ങൾ, ആധാർ വിവരങ്ങൾ,ഓടിക്കാൻ അനുമതി നൽകുന്ന കാലയളവ് എന്നിവ ഇതിൽ വ്യക്തമാക്കിയിരിക്കണം. കൂടാതെ വാഹന ഉടമയും ഡ്രൈവറും ഇതിൽ ഒപ്പിടുകയും വേണം. അല്ലാതുള്ള ഓതറൈസേഷൻ ലെറ്ററിന് നിയമപരമായി സാധുതയില്ല.

ഇവ ഉറപ്പായും വേണം

ഒരാൾ വാഹനമോടിക്കുമ്പോൾ കൈവശം ഉറപ്പായും ചില രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. കാലഹരണപ്പെടാത്ത ഡ്രൈവിംഗ് ലൈസൻസ്, സ്വന്തം വാഹനമാണെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ഉറപ്പായും വേണ്ടത്. ഇവയുടെ ഒർജിനലോ, സാക്ഷ്യപ്പെടുത്തിയ കോപ്പിയോ, ഡിജിറ്റൽ രേഖകളോ അധികൃതർ ആവശ്യപ്പെടുമ്പോൾ കാണിക്കാം. ഇവ കൈവശമില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് വാഹനം പിടിച്ചെടുക്കാം.