ഹൃദയാരോഗ്യം ചർമ്മത്തിലൂടെ സ്കാൻ ചെയ്യാം, മരണനിരക്ക് കുറയ്ക്കാൻ പുത്തൻ സാങ്കേതികവിദ്യയുമായി ഗവേഷകർ

Friday 23 January 2026 12:17 PM IST

കാലം മുന്നോട്ട് പോകുംതോറും സാങ്കേതിക വിദ്യ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. അതിൽ ആരോഗ്യമേഖല കൂടുതൽ പുതിയ കണ്ടുപിടുത്തങ്ങളാണ് നടത്തുന്നത്. ആരോഗ്യവും ജീവിതദൈർഘ്യവും വർദ്ധിപ്പിക്കുന്നതിൽ മെഡിക്കൽ സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. അവ വികസിക്കുംതോറും മനുഷ്യന്റെ ആരോഗ്യസ്ഥിതിയും കുടുതൽ മെച്ചപ്പെടും.

ഒരു വ്യക്തിയുടെ ആരോഗ്യം നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്ന ഉപകരണങ്ങൾ, യന്ത്രങ്ങൾ, സോഫ്റ്റ്‌വെയറുകൾ, മരുന്നുകൾ എന്നിവയെല്ലാം ഈ സാങ്കേതിക വിദ്യയുടെ പരിധിയിൽ ഉൾപ്പെടുന്നവയാണ്. തെർമോമീറ്റർ മുതൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ ചെയ്യാനുള്ള റോബോട്ടുകൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്.

മനുഷ്യശരീരത്തെ യന്ത്രം പോലെ കൃത്യമായി മനസിലാക്കാനും അതിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാനും മെഡിക്കൽ സാങ്കേതികവിദ്യ നമ്മെ പ്രാപ്തരാക്കുന്നു. ഇത് മരണനിരക്ക് കുറയ്ക്കാനും ജീവിതനിലവാരം ഉയർത്താനും സഹായിക്കുന്നു.

ഇപ്പോഴിതാ ഹൃദ്രോഗ സാദ്ധ്യതകൾ വളരെ നേരത്തെ തന്നെ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സ്‌കാനിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജർമ്മിനിയിലെ ഗവേഷകർ. ചർമ്മത്തിലൂടെ രക്തക്കുഴലുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് ഹൃദയാരോഗ്യത്തിന്റെ അപകടസൂചനകൾ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് കണ്ടെത്തൽ. 'ഫാസ്റ്റ്ആർഎസ്ഒഎം' എന്ന് പേരിട്ടിരിക്കുന്ന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് ഗവേഷകർ പറയുന്നു.

എന്താണ് ഫാസ്റ്റ്ആർഎസ്ഒഎം

പരമ്പരാഗത സ്‌കാനിംഗ് രീതികൾക്ക് കണ്ടെത്താൻ കഴിയാത്ത രക്തക്കുഴലുകളിലെ ചെറിയ മാറ്റങ്ങൾ, ഓക്സിജന്റെ അളവ്, ഘടന എന്നിവ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ചർമ്മത്തിനടിയിലുള്ള ഏറ്റവും ചെറിയ രക്തക്കുഴലുകളുടെ വിശദമായ ദൃശ്യങ്ങളാണ് ഇവ പകർത്തുന്നത്. രക്തക്കുഴലുകൾ വികസിക്കാനും ചുരുങ്ങാനുമുള്ള ശേഷിയിലുണ്ടാകുന്ന തകരാറുകൾ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. ഹൃദ്രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ ശരീരത്തിൽ ഇത്തരം മാറ്റങ്ങൾ സംഭവിക്കാറുണ്ട്.

മ്യൂണിക്കിലെ ഹെൽഹോൾട്സ് അസോസിയേഷനിലെ ഗവേഷകരാണ് പഠനത്തിന് മുൻകൈയെടുത്തിരിക്കുന്നത്. പുകവലി, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയുള്ളവരിൽ ഹൃദ്രോഗ സാദ്ധ്യത നേരത്തെ കണ്ടെത്താൻ ഈ സ്‌കാനിംഗിലൂടെ സഹായിക്കും. ആദ്യമായാണ് മനുഷ്യരിലെ എൻഡോതീലിയൽ പ്രവർത്തന വൈകല്യങ്ങൾ ഇത്രയും കൃത്യതയോടെയും ശരീരത്തിന് പുറത്തുനിന്ന് നേരിട്ട് പരിശോധിക്കാൻ കഴിയുന്ന ഒരു മാർഗം കണ്ടെത്തുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പ്രത്യേകതകൾ

ലേസർ പ്രകാശമുപയോഗിച്ച് ചർമ്മത്തിനടിയിൽ അൾട്രാസൗണ്ട് തരംഗങ്ങൾ സൃഷ്ടിച്ചാണ് ഇവ ത്രീഡി ദൃശ്യങ്ങൾ നിർമ്മിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രക്തക്കുഴലുകളിലെ മാറ്റങ്ങൾ കണ്ടെത്താം. ഓരോ വ്യക്തിയുടെയും രോഗസാദ്ധ്യത അനുസരിച്ച് പ്രത്യേക ചികിത്സാരീതികൾ നിശ്ചയിക്കാൻ ഡോക്ടർമാർക്ക് ഇതിലൂടെ സഹായമാകും.

ലൈറ്റ്: സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജീവിതശൈലീ മാറ്റങ്ങളിലൂടെയും നേരത്തെയുള്ള ചികിത്സയിലൂടെയും ഹൃദയാഘാതം പോലുള്ള വലിയ അപകടങ്ങൾ ഒഴിവാക്കാൻ പുതിയ കണ്ടെത്തൽ സഹായകരമാകുമെന്ന് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക്കിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു.

വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോർക്കമ്പോൾ അസാദ്ധ്യമായ പലതും യാഥാർത്ഥ്യമാകും എന്നതിന്റെ തെളിവാണ് ജർമ്മൻ ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. വരും വർഷങ്ങളിൽ കൂടുതൽ ലളിതവും കൃത്യവുമായ ഇത്തരം പരിശോധനകൾ ചികിത്സാ രംഗത്ത് ലഭ്യമാകുന്നതോടെ, രോഗം വന്ന ശേഷം ചികിത്സിക്കുന്നതിന് പകരം രോഗം വരാതെ തടയുക എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങൾ മാറും.