എല്ലാതരം പുകയില ഉൽപ്പന്നങ്ങൾക്കും നിരോധനം; പുതിയ ഉത്തരവുമായി ഇന്ത്യയിലെ ഈ സംസ്ഥാനം
ഭുവനേശ്വർ: പുകയിലയും നിക്കോട്ടിനും അടങ്ങിയ ഉൽപ്പന്നങ്ങൾ പൂർണമായി നിരോധിച്ച് ഒഡിഷ സർക്കാർ. ജനുവരി 22ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി. നിരോധന ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർമാർ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു.
പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ട്ക, പാൻമസാല എന്നിവയുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവ 2013 ജനുവരി മൂന്നിന് സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ നിർമ്മാതാക്കൾ പാൻമസാലയ്‌ക്ക് പകരം സുഗന്ധമുള്ള പുകയില ഉൽപ്പന്നങ്ങൾ മറ്റ് പേരുകളിൽ വിൽക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഗുഡ്‌ക, പുകയില തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് നിക്കോട്ടിനും പുകയിലും അടങ്ങിയ എല്ലാതരം ഉൽപ്പന്നങ്ങളും നിരോധിച്ചുകൊണ്ട് ഒഡീഷ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇവയുടെ വാണിജ്യം, വിതരണം, ഗതാഗതം എന്നിവയും നിരോധിച്ചു. ചുയിംഗം ഉൾപ്പടെയുള്ള എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും ഉത്തരവ് ബാധകമാണ്.
2013-ൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച മുൻ ഉത്തരവിനെ മറികടക്കുന്നതാണ് പുതിയ വിജ്ഞാപനം.ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിനെ പരാമർശിച്ചുകൊണ്ടാണ് വിജ്ഞാപനം. സർദ, ഖൈനി, ഗുട്ട്ക തുടങ്ങിയ ചവയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങളും സുഗന്ധമുള്ളതോ രുചിയുള്ളതോ ആയ പുകയിലയും കാൻസറിന് കാരണമാകുന്ന വസ്തുക്കളാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഒഡിഷയിലെ മുതിർന്ന ജനസംഖ്യയുടെ 42 ശതമാനം പേരും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ഈ കണക്കുകളിൽ മാറ്റം വരുത്താനാണ് ഒഡീഷ സർക്കാർ ലക്ഷ്യമിടുന്നത്.