ഇറാൻ പിടിക്കാൻ ട്രംപിന്റെ പടപ്പുറപ്പാട്, 'അർമാഡ'യിൽ ഗൾഫ് തീരത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പൽ
വാഷിംഗ്‌ടൺ: ഇറാനുമായുള്ള ബന്ധം സംഘർഷത്തിലേക്ക് എത്തിനിൽക്കെ ഗൾഫ് തീരത്തേക്ക് തങ്ങളുടെ വമ്പൻ 'അർമാഡ' അയച്ചെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിലപ്പോൾ അത് നമുക്ക് ഉപയോഗിക്കേണ്ടി വരില്ലയെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയ സായുധ യുദ്ധകപ്പലടങ്ങിയ സംഘമാണ് അർമാഡ.
'ആ ദിശയിലേക്ക് പോകുന്ന ധാരാളം കപ്പലുകൾ ഞങ്ങളുടേതായുണ്ട്. വലിയൊരു സംഘം യുദ്ധകപ്പലുകൾ തന്നെ ആ ദിശയിലേക്ക് പോകുന്നുണ്ട്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാണാം.' തന്റെ ഔദ്യോഗിക വാഹനമായ എയർഫോഴ്‌സ് വണിൽ വച്ച് മാദ്ധ്യമങ്ങളെ കാണവെ ട്രംപ് പറഞ്ഞു.
ദക്ഷിണ ചൈനാ കടലിന്റെ പരിസരത്ത് ചൊവ്വാഴ്‌ച വരെ ഉണ്ടായിരുന്ന യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വമ്പൻ യുദ്ധകപ്പൽ ഇപ്പോൾ ഗൾഫ് തീരത്തേക്ക് അടുക്കുകയാണ്. യുദ്ധവിമാനങ്ങളെ വഹിക്കാൻ കഴിവുള്ള യുഎസ്എസ് അബ്രഹാം ലിങ്കൺ ലോകത്തിലെ വലിയ യുദ്ധ കപ്പലുകളിൽ ഒന്നാണ്. ഇതോടൊപ്പം മൂന്ന് യുദ്ധകപ്പലുകളും ഗൾഫ് തീരത്തേക്ക് യാത്രചെയ്യുന്നുണ്ട്.
യുഎസ്എസ് അബ്രഹാം ലിങ്കൺ
അണുശക്തി കൊണ്ട് പ്രവർത്തിക്കുന്ന കപ്പലുകളുടെ നിരയായ നിമിറ്റ്സ് ക്ളാസിലാണ് യുഎസ്എസ് അബ്രഹാം ലിങ്കൺ ഉൾപ്പെടുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് അബ്രഹാം ലിങ്കണിന്റെ പേരിലുള്ള ഈ പടക്കപ്പൽ യുണേറ്റഡ് സ്റ്റേറ്റ്സ് പസഫിക് ഫ്ളീറ്റിൽ ഉൾപ്പെടുന്നതാണ്. 2024 ഓഗസ്റ്റിൽ ഗൾഫ് തീരത്തേക്ക് ഈ യുദ്ധകപ്പലിനെ അമേരിക്ക അയച്ചിരുന്നു ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെയായിരുന്നു ഇത്.
ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും
യുഎസ്എസ് അബ്രഹാം ലിങ്കണ് പിന്നാലെ ധാരാളം ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളും അമേരിക്ക അയക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളുള്ളവരിൽ ഒന്ന് അമേരിക്കയാണ് 74 ഇത്തരം കപ്പലുകളാണ് ഉള്ളത്. 25എണ്ണം ഉടൻ കമ്മിഷൻ ചെയ്യും. ഇവയ്‌ക്ക് പുറമേ സുശക്തമായ വായു പ്രതിരോധ സൈനിക സംവിധാനങ്ങളും അമേരിക്ക വിന്യസിക്കും.
വ്യാഴാഴ്‌ച മാത്രം താൻ ഇറാനിൽ 837 പേരുടെ വധശിക്ഷ താൻ തടഞ്ഞെന്നാണ് ട്രംപിന്റെ അവകാശവാദം. സാധാരണക്കാരെ ആക്രമിച്ച് കൊന്നാൽ ഇറാനിൽ ഇടപെടുമെന്നാണ് ട്രംപ് നേരത്തെ ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നത്. അമേരിക്കൻ ഭീഷണികൾക്കിടയിലും ആണവപരീക്ഷണമടക്കം നടത്തുന്ന ഇറാനെ തടയാൻ ഇത്തരം സൈനികവിന്യാസം വഴി ഭരണകൂടത്തിന് കഴിയുമോ എന്നതാണ് അറിയേണ്ടത്.